‘ഞങ്ങൾക്ക് അച്ഛനെ വേണ്ട’; താൻ വിവാഹം കഴിക്കുന്നതിൽ മക്കൾക്ക് എതിർപ്പെന്ന് സുസ്മിത സെൻ

Advertisement

അച്ഛനില്ലാതെയും കുട്ടികളെ വളർത്താം, ജീവിതത്തിൽ ഒരിക്കലും ഇല്ലാതിരുന്ന ഒരാളെ കുട്ടികൾ മിസ്സ് ചെയ്യില്ലെന്ന് സുസ്മിത സെൻ കുറച്ച് ദിവസങ്ങൾക്കു മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു പുരുഷന്റെയും നിഴലിൽ കഴിയാൻ ആഗ്രഹിക്കാത്ത സുസ്മിത തന്റെ 24–ാം വയസ്സിലാണ് ജീവിതത്തിലെ സുപ്രധാന തീരുമാനമെടുക്കുന്നത്.

തന്റെ ആദ്യത്തെ മകളായ റെനെയെ ദത്തെടുത്തു. പിന്നീട് അലീസ എന്ന മറ്റൊരു പെൺകുഞ്ഞിനും ഈ താരസുന്ദരി അമ്മയായി. അച്ഛൻ എന്നൊരാൾ ഒരിക്കലും ഈ കുട്ടികളുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് അവർ ഇല്ലാത്തൊരാളെ മിസ്സ് ചെയ്യുന്നതെന്ന് സുസ്മിത ആവർത്തിച്ച് ചോദിക്കുന്നു.

‘ഞാൻ ഒരു കല്യാണം കഴിക്കാം എന്നു പറയുമ്പോൾ പോലും എന്തിനാണെന്നാണ് മക്കൾ ചോദിക്കാറ്. അവർക്ക് അച്ഛനെ വേണ്ടെന്ന് അവർതന്നെ പറയുന്നു. അതിന് വിവാഹത്തിനും നിങ്ങളുമായി ഒരു ബന്ധവുമില്ല. എനിക്കൊരു ഭർത്താവിനെ വേണമെങ്കിലോ എന്നാണ് ഞാൻ തമാശയായി ചോദിക്കാറ്’. ഇക്കാര്യം പറഞ്ഞ് ഞങ്ങൾ ചിരിക്കാറുണ്ടെന്നും സുസ്മിത പറയുന്നു. ‘അവർക്ക് അവരുടെ മുത്തശ്ശനുണ്ട്. എല്ലാക്കാര്യത്തിനും അദ്ദേഹമാണ് കുട്ടികൾക്കൊപ്പമുള്ളത്. കുട്ടികൾക്ക് എപ്പോഴെങ്കിലും അച്ഛൻ എന്ന രീതിയിൽ ഒരാളെ കാണണമെങ്കിൽ അതിന് അദ്ദേഹമാണ് പെർഫെക്ട്’ – സുസ്മിത പറഞ്ഞു.

’24–ാം വയസ്സിൽ അമ്മയായതാണ് ജീവിതത്തിലെ മികച്ച തീരുമാനം. അതെന്റെ ജീവിതത്തിന് ഒരു ബാലൻസ് കൊണ്ടുവന്നു. പലരും എന്റെ വലിയ മനസ്സെന്നും, ചാരിറ്റി എന്നുമൊക്കെ പറഞ്ഞെങ്കിലും ഞാൻ എനിക്കുവേണ്ടി തന്നെ എടുത്ത തീരുമാനമായിരുന്നു അത്’.

സിദ്ധാർഥ് കണ്ണനു നൽകിയ ഇന്റർവ്യുവിലാണ് സുസ്മിത മക്കളുമായുള്ള ബന്ധത്തിന്റെ ആഴം പറയുന്നത്.

Advertisement