അർദ്ധരാത്രിയിൽ ഭയപ്പെടുത്തിയ പ്രേതരൂപം പകൽ വെളിച്ചെത്തിൽ ‘നൈറ്റി’; വൈറലായി ഒരു വീഡിയോ!

കാഴ്ചയും ശബ്ദവും നമ്മുടെ ഉള്ളിലെ ഭയത്തെ പുനഃസൃഷ്ടിക്കാൻ കഴിവുള്ളവയാണ്. സ്ഥിരം കാഴ്ചയിൽ നിന്നും മാറി, അസാധാരണമായ ഒരു കാഴ്ച കാണുമ്പോൾ, പ്രത്യേകിച്ചും രാത്രിയിൽ, അത് നമ്മുടെ ഉള്ളിലെ ഭയത്തെ അധികരിക്കുന്നുണ്ടെങ്കിൽ മനസിനെ അത്രമേൽ സ്വാധീനിക്കാൻ ആ കാഴ്ചയ്ക്കും ശബ്ദത്തിനും കഴിഞ്ഞുവെന്നത് തന്നെ കാരണം.

പ്രേത സിനിമകൾ കണ്ടുകഴിഞ്ഞും അതിലെ ദൃശ്യങ്ങളും ശബ്ദങ്ങളും പലപ്പോഴും നമ്മളെ പിന്തുടരുന്നതായി തോന്നുന്നതും ഈ സ്വാധീനം കൊണ്ട് തന്നെ. ഇത്തരത്തിൽ രാത്രി ഒരു പ്രേത സിനിമ കണ്ട ശേഷം ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, നിലാവെളിച്ചത്തിൽ ഒരു സ്ത്രീയുടെ നൈറ്റി ഒരു പ്രത്യേക സ്ഥലത്ത് വായുവിൽ ഇളകിയാടുന്നത് കണ്ടാൽ? ഒരു നിമിഷത്തേയ്ക്കെങ്കിലും നമ്മളൊന്ന് ഭയക്കാതിരിക്കില്ല.

സമാനമായ ഒരു അനുഭവം അനിരുദ്ധ ജോഷി എന്ന ട്വിറ്റർ (X) ഉപയോക്താവ് പങ്കുവച്ചപ്പോൾ അത് സാമൂഹിക മാധ്യമങ്ങിളിൽ വൈറലായി. തൻറെ ഫ്ലാറ്റിന് എതിർവശത്തുള്ള മറ്റൊരു ഫ്ലാറ്റിൻറെ ബാൽക്കണിയിലുള്ള കാഴ്ചയായിരുന്നു അനിരുദ്ധ ജോഷി പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു സ്ത്രീയുടെ ശബ്ദവും കേൾക്കാം. അവരുടെ രാത്രിയിലെ അനുഭവ വിവരം കൂടിയായതോടെ വളരെ പെട്ടെന്ന് തന്നെ വീഡിയോ ട്വിറ്ററിൽ വൈറലായി. നിരവധി പേർ ചിരിക്കുന്ന ഇമോജികൾ കൊണ്ട് കമൻറ് ബോക്സ് നിറച്ചു.

‘ആരാണ് അങ്ങനെ വസ്ത്രം തൂക്കുന്നത്? നിങ്ങള് നോക്കൂ, ഇന്നലെ രാത്രി, ഉറങ്ങാൻ വയ്യാതെ, ശുദ്ധവായു തേടി ഞാൻ പുറത്തേക്കിറങ്ങി, ഈ കാഴ്ച കാണാൻ വേണ്ടി മാത്രം. ആ സമയത്ത് നൈറ്റി തൂക്കിയിട്ടിരുന്ന ഹാംഗർ താൻ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്ന് കണ്ടപ്പോൾ ആ കാഴ്ച തന്നെ ഭയപ്പെടുത്തിയെന്നും അർദ്ധരാത്രി താൻ ഹനുമാൻ ചാലിസ ചൊല്ലി’യെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം പറയുന്നു. ചിലർ ‘ഹനുമാൻ ചാലിസ’ എന്ന ഹിന്ദു ഭാക്തിഗാനം ചൊല്ലിയായിരുന്നോയെന്ന് ചോദിച്ചു. മറ്റൊരാൾ വീഡിയോയിലെ തൻറെ സംശയം പങ്കുവച്ചു. ‘മറ്റൊരു സംശയം, വസ്ത്രങ്ങൾ ചലിക്കുകയും ഇളകുകയും ചെയ്യുന്നു. എന്നാൽ ഒരു ഇല പോലും അനങ്ങുന്നില്ല. ഇത് വായുവിലൂടെ സംഭവിക്കുന്ന ഒരു മിഥ്യാധാരണയാണ്.’ എന്നായിരുന്നു. മറ്റൊരു ഉപയോക്താവ് തനിക്ക് ഹോട്ടലിൽ ഉണ്ടായ ഒരു അനുഭവത്തിൻറെ ചിത്രം പങ്കുവച്ചു. ഒരു ടൗവലിൽ ചിമ്പാൻസിയെ ഉണ്ടാക്കി കിടക്കയ്ക്ക് മുകളിലായി തൂക്കിയിരിക്കുന്നതായിരുന്നു അത്.

Advertisement