ബിജെപി വനിതാ നേതാവ് സനാ ഖാന്റെ തിരോധാനം: കൊലപ്പെടുത്തിയതാണെന്ന് ഭർത്താവിന്റെ കുറ്റസമ്മതം, അറസ്റ്റ്

നാഗ്പൂർ: ബിജെപി വനിതാ നേതാവ് സന ഖാനെ കാണാതായി പത്ത് ദിവസത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. മധ്യപ്രദേശിലെ ജബൽപൂരിൽവെച്ച് സനാഖാനെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് അമിത് സാഹു പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ നാഗ്പൂർ പൊലീസ് ജബൽപൂരിലെ ഘോരാ ബസാർ പ്രദേശത്ത് നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. സനാ ഖാന്റെ മൃതദേഹം നദിയിൽ എറിഞ്ഞുവെന്നാണ് അമിത് സാഹു പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതുവരെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നാഗ്പൂർ സ്വദേശിയും ബിജെപി ന്യൂനപക്ഷ സെൽ അംഗവുമായ സന ഖാനെയാണ് ജബൽപൂർ സന്ദർശിച്ച ശേഷം കാണാതാകുകയായിരുന്നു. ഭർത്താവിനെ കാണാൻ ഓ​ഗസ്റ്റ് ഒന്നിന് ജബൽപൂരിലേക്ക് സനാ ഖാൻ പോയെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ജബൽപൂരായിരുന്നു സനാഖാന്റെ അവസാനത്തെ ലൊക്കേഷൻ. സ്വകാര്യ ബസിൽ നാഗ്പൂരിൽ നിന്ന് പുറപ്പെട്ട സന അടുത്ത ദിവസം നഗരത്തിലെത്തിയ ശേഷം അമ്മയെ വിളിച്ചു.

എന്നാൽ, പിന്നീട് കാണാതാകുകയായിരുന്നു. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്ത നാഗ്പൂർ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാ​ഗ്പൂരിലെ സജീവ ബിജെപി പ്രവർത്തകയാണ് സനാ ഖാൻ. ന്യൂനപക്ഷ മോർച്ചയിലാണ് ഇവർ പ്രവർത്തിക്കുന്നത്.

Advertisement