കൊല്ലാനുപയോഗിച്ച ആയുധം വടി, ഭർത്താവിനെ തല്ലിക്കൊന്ന ഭാര്യയുടെ ശിക്ഷ കുറച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ഭർത്താവിനെ വടി ഉപയോഗിച്ച് അടിച്ച് കൊന്ന ഭാര്യയുടെ ശിക്ഷ കുറച്ച് സുപ്രീം കോടതി. മനഃപൂർവ്വമല്ലാതെയുള്ള കൊലപാതകമെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതിയുടെ നടപടി. നിർമല എന്ന യുവതിയുടെ ശിക്ഷയാണ് സുപ്രീം കോടതി കുറച്ചത്. ആക്രമണത്തിന് ഉപയോഗിച്ച ആയുധം അപകടകരമായ ഒന്നല്ലെന്ന് വിശദമാക്കിയാണ് കോടതി തീരുമാനം.

വീട്ടിലുണ്ടായിരുന്ന ഒരു വടി ഉപയോഗിച്ചായിരുന്നു മർദ്ദനം. വെറുമൊരു വടി എന്നതിലപ്പുറം ഇതൊരു അപകടകരമായ ആയുധമായി വിശേഷിപ്പിക്കാനാവില്ല. അതിനാലാണ് മനപൂർവ്വമല്ലാത്ത നരഹത്യ എന്ന രീതിയിൽ യുവതിയുടെ കുറ്റകൃത്യത്തെ കോടതിയെ കണ്ടത്. രണ്ട് പേരും തമ്മിലുള്ള വാക്കേറ്റത്തിനിടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നതിനാൽ യുവതിയ്ക്ക് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരിക്കാമെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായി, ജെ ബി പാര്ഡിവാല എന്നിവർ നിരീക്ഷിച്ചു. ശിക്ഷ കുറച്ചതോടെ നിലവിൽ ഒൻപത് വർഷം തടവ് ശിക്ഷ അനുഭവിച്ച യുവതിയെ ജയിലിൽ നിന്ന് വിട്ടയച്ചു.

ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയുടെ ശിക്ഷ ശരിവച്ച ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. മകളെ എൻസിസി ക്യാംപിന് അയക്കാനായി 500 രൂപ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നിരന്തര സ്വഭാവത്തോടെ കുടുംബത്തിലുണ്ടായ ടോക്സിക് സ്വഭാവമുള്ള ഏറ്റുമുട്ടലുകളും കോടതി തീരുമാനത്തിനെ സ്വാധീച്ചിട്ടുണ്ട്. നേരത്തെ യുവതിയുടെ കാല് ഭർത്താവ് തല്ലി ഒടിച്ചിരുന്നു. ഇതടക്കം നിരന്തരം യുവതിയും മക്കളും നേരിട്ട അക്രമത്തിൻറെ കൂടി പശ്ചാത്തലത്തിലാണ് കോടതിയുടെ തീരുമാനം.

Advertisement