ക്യാംപുകൾ ദയനീയാവസ്ഥയിൽ; കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം: പ്രതിപക്ഷ എംപിമാർ

ഇംഫാൽ: മണിപ്പുർ സന്ദർശിക്കുന്ന പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ എംപിമാർ രാജ്ഭവനിൽ ഗവർണർ അനുസൂയ യുകെയ്‌യുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിച്ച് 21 എംപിമാരുടെ പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകി. അഭയാർഥികൾക്കായുള്ള ക്യാംപുകൾ ദയനീയാവസ്ഥയിലാണെന്നും കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

‘‘140ലധികം പേരുടെ മരണം, 500ലധികം പേർക്ക് പരുക്ക്, 5,000ലധികം വീടുകൾ തീയിട്ടു നശിപ്പിച്ചു, 60,000ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു – ഈ കണക്കുകളിൽനിന്ന് രണ്ടു സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള തുടർച്ചയായ വെടിവയ്പ്പിന്റെയും വീടുകൾക്ക് തീയിടുന്നതിന്റെയും റിപ്പോർട്ടുകളിൽനിന്ന്, കഴിഞ്ഞ മൂന്നു മാസമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പുരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്’’– നിവേദനത്തിൽ പറയുന്നു.

‘‘മണിപ്പുരിലെ ജനങ്ങളുടെ രോഷവും ഉത്കണ്ഠയും വേദനയും സങ്കടവും പ്രധാനമന്ത്രിയിൽ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം കോടിക്കണക്കിന് ഇന്ത്യക്കാരുടെ മേൽ തന്റെ ‘മൻ കി ബാത്ത്’ അടിച്ചേൽപ്പിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, ടീം ഇന്ത്യയുടെ 21 എംപി പ്രതിനിധി സംഘം മണിപ്പുർ ഗവർണറുമായി ‘മണിപ്പുർ കി ബാത്തി’നെ കുറിച്ച് സംസാരിക്കുന്നു’’– നിവേദനം ട്വിറ്ററിൽ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറിച്ചു.

മൂന്നു മാസമായി തുടരുന്ന വംശീയ കലാപത്തിന്റെ ഇരകളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും 21 എംപിമാരുടെ പ്രതിപക്ഷ പ്രതിനിധി സംഘം ശനിയാഴ്ചയാണ് മണിപ്പുരിലെത്തിയാണ്. ബിഷ്ണുപുർ, മൊയ്‌റാങ്, ചുരാചന്ദ്‌പുരി എന്നിവിടങ്ങിലെ നിരവധി അഭയാർഥി ക്യാംപുകൾ സന്ദർശിക്കുകയും കലാപബാധിതരോടു സംസാരിക്കുകയും ചെയ്തിരുന്നു.

Advertisement