ഏകവ്യക്തി നിയമം; പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: ഏക വ്യക്തി നിയവുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയിക്കാൻ ദേശീയ നിയമ കമ്മീഷൻ നൽകിയ സമയപരിധി രണ്ടാഴ്ച്ചകൂടി നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, ഈ മാസം 28 വരെ നീട്ടിയതായി ദേശീയ നിയമ കമ്മിഷൻ അറിയിച്ചത്.

രാജ്യത്ത് ഏക സിവിൽകോഡ് നിയമം നടപ്പാക്കാനുള്ള നടപടികൾ കേന്ദ്രം സജീവമാക്കിയതോടെയാണ് പൊതുജനാഭിപ്രായം തേടാൻ നിയമ കമ്മീഷൻ തീരുമാനിച്ചത്. വിവിധ മത സംഘടനകൾ ഉൾപ്പെടുന്ന 50 ലക്ഷത്തിലേറെ പ്രതികരണങ്ങൾ ഇതിനോടകം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റിനു പുറമേ, രേഖാമൂലം നേരിട്ടും അഭിപ്രായങ്ങൾ ലഭിച്ചു. വിഷയത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും ചർച്ചകൾക്ക് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് ചില മത സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

ഇതിനു മുൻപുണ്ടായിരുന്ന ലോ കമ്മിഷനും പൊതുജനാഭിപ്രായം തേടിയിരുന്നു. നിലവിൽ ഏക വ്യക്തിനിയമം അഭികാമ്യമല്ലെന്ന് റിപ്പോർട്ട് പുറത്തു വിട്ടിരുന്നു. ഇതിന്‍റെ കാലാവധി മൂന്നു വർഷം പിന്നിട്ടതോടെയാണ് വീണ്ടും പൊതു ജനാഭിപ്രായം തേടാൻ തീരുമാനിച്ചതെന്നാണ് പുതിയ കമ്മീഷന്‍റെ വിശദീകരണം.

Advertisement