‘ലൈംഗികബന്ധത്തിന് നിർബന്ധിച്ചു, വഴങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’; വൈരമുത്തുവിനെതിരെ ആരോപണവുമായി ഗായിക

ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗികാതിക്രമ ആരോപണം. ലളിതഗാനശാഖയിലെ ശ്രദ്ധേയ സാന്നിധ്യമായ ഭുവന ശേഷനാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഭുവന മാധ്യമങ്ങളോടു വെളിപ്പെടുത്തി. ഗായിക ചിന്മയിക്കു പിന്നാലെയാണ് വൈരമുത്തുവിനെതിരെ ആരോപണവുമായി ഭുവനയും എത്തിയത്. പ്രശസ്തരായ എഴുത്തുകാരെ ആദരിക്കാൻ വേണ്ടി തമിഴ്നാട് സർക്കാർ ആരംഭിച്ച ഡ്രീം ഹൗസ് പദ്ധതിയിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തി ആദരിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഭുവനയുടെ ആരോപണം. 1998 ലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50കാരിയായ ഭുവന പറയുന്നു. ലൈംഗികബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നതായും അവർ‌ വെളിപ്പെടുത്തി.
‘ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ഞാൻ ജിംഗിൾ പാടിയിരുന്നു. അതിനു വരികൾ കുറിച്ചത് വൈരമുത്തു ആണ്. അതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത്. എന്റെ ശബ്ദവും തമിഴ് ഉച്ചാരണവും നല്ലതാണെന്നും സിനിമയിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിന്റെ സിഡി എ.ആർ.റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന ഗായിക എന്ന നിലയിൽ അതു കേട്ടപ്പോൾ എനിക്കു വളരെയധികം സന്തോഷവും ഊർവുമൊക്കെ തോന്നി.

തൊട്ടടുത്ത ദിവസം വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫിസിൽ പോയി സിഡി കൈമാറി. അക്കാലത്ത് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറാണ് അദ്ദേഹത്തിനു കൊടുത്തത്. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തിൽ ചർച്ച ചെയ്തു. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങിയതോടെ എനിക്ക് അസ്വസ്ഥത തോന്നി. എങ്ങനെ പ്രതികരിക്കണമെന്ന് അറിയാത്ത അവസ്ഥ. ഒരിക്കൽ ഒരു പുരസ്കാര ദാന ചടങ്ങിനായി മലേഷ്യയിലേക്കു തന്നോടൊപ്പം വരാൻ വൈരമുത്തു എന്നോട് ആവശ്യപ്പെട്ടു. നിരന്തരം സമ്മർദം ചെലുത്തുകയും ചെയ്തു. ‍ഞാൻ ആ സമയത്ത് വാർത്താ അവതാരകയായും ജോലി ചെയ്തിരുന്നു. അതിനാൽ തന്നെ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്നു ചോദിച്ചു. എന്നാൽ അതൊന്നുമല്ല നീ വന്നാൽ മതിയെന്നാണായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അക്കാര്യം കേട്ടതോടെ ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറി.

അദ്ദേഹത്തിനെന്നെ തകർക്കാനുള്ള ശക്തിയുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്നും വൈരമുത്തു പറഞ്ഞു. കുറച്ച് ആളുകളുടെ പേരുകൾ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയിൽ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു. അവരുടെ പേരുകൾ ഞാനിപ്പോൾ പറയുന്നില്ല. അതിനു ശേഷം എനിക്ക് കാര്യമായ അവസരങ്ങൾ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമേ പാടാൻ സാധിച്ചുള്ളു. കാര്യങ്ങൾ കുറച്ച് വൈകിയാണ് മനസ്സിലായത്. അതോടെ പിന്നണി ഗാനരംഗം വിടാൻ ഞാൻ തീരുമാനിച്ചു.

സിനിമയിൽ നിന്നും എനിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തമിഴ് സിനിമാലോകം നിശബ്ദമായിരുന്നു. വൈരമുത്തുവിന് ഒഎൻവി അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയിലെ സ്ത്രീകൾ എന്നെ തേടിയെത്തി. അവർക്ക് അദ്ദേഹവുമായി ഒരു ബന്ധവുമില്ല, പക്ഷേ എനിക്കൊപ്പം നിൽക്കാൻ അവർ തയാറായി. വൈരമുത്തുവിനെതിരെ 17 സ്ത്രീകൾ സംസാരിച്ചു. നാല് പേർ മാത്രമാണ് പരസ്യമായി രംഗത്തെത്തിയത്. ബാക്കിയുള്ളവർ അജ്ഞാതരായി തുടരുന്നു. അവർക്കു ഭയമാണ്. ആർക്കാണ് അവരെ കുറ്റപ്പെടുത്താൻ കഴിയുക? തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന് അറിയുമ്പോൾ ആളുകൾ പിന്മാറുന്നതു സ്വഭാവികമാണ്’, ഭുവന ശേഷൻ പറഞ്ഞു.

വൈരമുത്തുവിനെതിരെ പരസ്യമായി രംഗത്തുവന്ന ഗായിക ചിന്മയി ശ്രീപാദയെ ഭുവന ശേഷൻ പ്രത്യേകം പ്രശംസിച്ചു. ഗായികയുടെ ധൈര്യം അതിശയകരമാണെന്ന് ഭുവന പറയുന്നു. എന്നാൽ ആരോപണ വിധേയർക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കില്ലെന്നും അതിനുള്ള സംവിധാനങ്ങളൊന്നും രാജ്യത്തില്ലെന്നും ഗായിക പറഞ്ഞു. പ്രതികരിച്ചതിന്റെ പേരിൽ ചിന്മയിയെ സിനിമയിൽ നിന്നു വിലക്കിയത് ശരിയായ നിലപാടല്ലെന്നും വിഷയത്തിൽ കൃത്യമായ ആശയവിനിമയം നടന്നിട്ടില്ലെന്നും ഭുവന ശേഷൻ കൂട്ടിച്ചേർത്തു.

Advertisement