‘ഫെർട്ടിലൈസർ ജിഹാദ്’; പുതിയ പ്രയോഗവുമായി ബിജെപി മുഖ്യമന്ത്രി

ഗുവാഹത്തി: രാസവളത്തിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രം​ഗത്ത്. സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാസവള ഉപയോ​ഗിക്കുന്നതിനെ ‘ഫെർട്ടിലൈസർ ജിഹാദ്’ എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഗുവാഹത്തിയിൽ ജൈവ കൃഷിയുടെ വികസനത്തിനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഫെർട്ടിലൈസർ ജിഹാദിന് എതിരെ പോരാടുമെന്ന് അറിയിച്ചിരുന്നു. വളം മിതമായി ഉപയോഗിക്കണമെന്നും വള ഉപയോ​ഗത്തിലൂടെ ലഭിക്കുന്ന അധിക വിളവ് ശരീരത്തിന് ദോഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി അസമിൽ ജൈവകൃഷി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഭൂമിയിലും പ്രകൃതിയിലും വലിയ പ്രതീക്ഷയുണ്ടെന്നും അത് ഉപയോഗിക്കാൻ പഠിച്ചാൽ നമുക്ക് യൂറിയ, ഫോസ്ഫേറ്റ്, നൈട്രജൻ മുതലായവ രാസവളങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ അനധികൃത രാസവളങ്ങൾ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ ഉൽപന്നങ്ങൾ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തി. രാസവള പ്രയോ​ഗത്തിലൂടെ ഹൃദയത്തിന്റെയും വൃക്കകളുടെയും നിരവധി രോഗങ്ങൾ വർധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രയോ​ഗത്തിനെതിരെ കോൺ​ഗ്രസ് രം​ഗത്തെത്തി. മറ്റു പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അസം മുഖ്യമന്ത്രി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് അസം പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ഭൂപൻ ബോറ പറഞ്ഞു. രാഷ്ട്രീയത്തെ വർഗീയവൽക്കരിക്കുക എന്ന വിദ്യയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അസം ബിജെപിക്കുള്ളിൽ വലിയ പ്രശ്നം നടക്കുന്നുണ്ടെന്ന് അസമിലെ എല്ലാവർക്കും അറിയാം. പല ബിജെപി, ആർഎസ്എസ് നേതാക്കളും മുഖ്യമന്ത്രിയുടെ ഏകാധിപത്യ രാഷ്ട്രീയത്തിനെതിരെ രം​ഗത്തെത്തിയെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരത്തിൽ സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വളം അമിതമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അസമിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഒരു നല്ല പദ്ധതി കൊണ്ടുവരാൻ സർക്കാരിന് കഴിയുന്നില്ല. രാഷ്ട്രീയ വർഗീയവൽക്കരിക്കാനും ധ്രുവീകരിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ബോറ പറഞ്ഞു.

കൃഷിയിൽ ഉപയോഗിക്കുന്ന രാസവളങ്ങളുടെ അളവ് കുറയ്ക്കുകയും കൂടുതൽ ജൈവികമാക്കുകയും വേണം. ഇതിൽ സംശയമില്ല. എന്നാൽ ‘ജിഹാദ്’ എന്ന വാക്കിന് ഇവിടെ അർത്ഥമില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് മനോജ് ധനോവർ പറഞ്ഞു. അദ്ദേഹം ഒരു സമൂഹത്തെ ടാർഗെറ്റ് ചെയ്യാൻ ശ്രമിക്കുകയാണ്. രാസവളം നിയന്ത്രിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നത് ഞാൻ കണ്ടിട്ടില്ലെന്നും എഎപി നേതാവ് പറഞ്ഞു.

Advertisement