ബുള്ളറ്റ് ട്രെയിനിനായി സ്ഥലം; കർഷകനെ തെറ്റിദ്ധരിപ്പിച്ച് കൊടും ചതി, തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല, 75 ലക്ഷം

മുംബൈ: ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്തിന് ലഭിച്ച തുകയിൽ നിന്നും കർഷകനെ പറ്റിച്ച് 75 ലക്ഷം തട്ടിയെടുത്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടിയിൽ ആണ് സംഭവം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് കർഷകന് ലഭിച്ച നഷ്ടപരിഹാര തുകയിഷ നിന്നാണ് തട്ടിപ്പ് സംഘം ലക്ഷങ്ങൾ കൈക്കലാക്കിയത്.

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമായി റെയിൽവേ അധികൃതർ 3.73 കോടി രൂപ കർഷകന് അനുവദിച്ചിരുന്നു. ഇതറിഞ്ഞ പ്രതികൾ കർഷകനെ കണ്ട് നഷ്ടപരിഹാരത്തിന്റെ 50 ശതമാനം ഉടൻ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നും ഇതിനായി 75 ലക്ഷം രൂപ ആദ്യം നൽകണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് സംഘം കർഷകനെ സമീപിച്ചത്.

കർഷകനെ പറഞ്ഞ് പറ്റിച്ച് 60 ലക്ഷം രൂപയുടെ ചെക്കും 15 ലക്ഷം രൂപയും ഇവർ കൈക്കലാക്കി. പിന്നീടാണ് താൻ കബളിപ്പിക്കപ്പെട്ടതായി കർഷകന് മനസിലായത്. തുടർന്ന് ശാന്തി നഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് മൂന്ന് പേർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തി. മൂവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ശാന്തി നഗർ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീരാജ് മാലി പറഞ്ഞു.

Advertisement