രാജ്യം കോവിഡിന്റെ നാലാം തരം​ഗത്തിലേക്കെന്ന് ആശങ്ക

ന്യൂഡൽഹി: ഒമിക്രോണിന്റെ കൂടുതൽ പുതിയ ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യ നാലാമത് കോവിഡ് തരംഗത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക ശക്തം. കഴിഞ്ഞ 24 മണിക്കൂറിൽ 1946 പുതിയ കോവിഡ് കേസുകളും 10 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ദീപാവലി ആഘോഷവും എത്തുന്നതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിക്കുമോ എന്ന ഉത്കണ്ഠ ആരോഗ്യ വിദഗ്ധരും പങ്കുവയ്ക്കുന്നു.

നാളിതു വരെ 5,28,923 പേരാണ് ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. നിലവിലെ സജീവ കോവിഡ് കേസുകൾ ആകെ കോവിഡ് അണുബാധകളുടെ 0.06 ശതമാനമാണ്. ദേശീയ കോവിഡ് വിമുക്തി നിരക്ക് 98.76 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

അതിവ്യാപന ശേഷിയുള്ള ഒമിക്രോൺ വകഭേദത്തിന്റെ പല പുതിയ ഉപവകഭേദങ്ങളും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടുന്നുണ്ട്. മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ XBB കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയിരുന്നു. ബിജെ.1, ബിഎ.2.75 വകഭേദങ്ങൾ ചേർന്ന് സൃഷ്ടിക്കപ്പെട്ട XBB പ്രതിരോധശേഷിയെ വെട്ടിച്ച് അതിവേഗം പടരുമോ എന്ന ആശങ്കയുണ്ട്. അടുത്ത കാലത്ത് സിംഗപ്പൂരിൽ കോവിഡിന്റെ വൻ വ്യാപനത്തിന് ഈ വകഭേദം ഇടയാക്കിയിരുന്നു. മഹാരാഷ്ട്രയിലെ പുണെയിൽ നിന്ന് ബിഎ.2.3.20, ബിക്യു.1 വകഭേദങ്ങളും റിപ്പോർട്ട് ചെയ്തു.

ഒമിക്രോണിന്റെ പുതു വകഭേദങ്ങൾ ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. മാസ്‌കുകളുടെ ഉപയോഗവും കോവിഡ് പ്രതിരോധ മുൻകരുതലുകളും രാജ്യത്ത് തുടരേണ്ടതിന്റെ ആവശ്യകത യോഗം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ വൻ തോതിൽ കൂട്ടം ചേരാനുള്ള സാഹചര്യമുണ്ട്. ആൾക്കുട്ടത്തിലേക്ക് ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു. കോവിഡ് നിരീക്ഷണവും ജനിതക സീക്വൻസിങ്ങും വർധിപ്പിക്കാനും ഉന്നതതല യോഗത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരും ഡോക്ടർമാരും ശുപാർശ ചെയ്തു.

Advertisement