പോരുവഴി സർക്കാർ സ്കൂളിൽ ഡിഇഒ യും എഇഒ യും സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു; കോൺഗ്രസിന്റെ പോലീസ് സ്റ്റേഷൻ മാർച്ച് ശനിയാഴ്ച

ചക്കുവള്ളി : പോരുവഴി സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും എത്തി.വെള്ളിയാഴ്ച രാവിലെ എത്തിയ എ.ഇ.ഒ അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഉന്നത വിദ്യാഭ്യാസ അധികൃതരുടെ നിർദേശപ്രകാരം ഡി.ഇ.ഒ എത്തുകയും സ്കൂളിൽ നടന്ന സംഭവ വികാസങ്ങൾ വിശദമായി അന്വേഷണം നടത്തുകയും ചെയ്തു.

പോക്സോ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ,കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾക്ക് നേരെ സ്കൂളിൽ പോലീസ് നടത്തിയ ലാത്തിച്ചാർജ്, സ്കൂളിനെതിരെ അപകീർത്തികരമായി ഫെയ്സ്ബുക്കിൽ ഒരു വ്യക്തി നടത്തിയ അധിക്ഷേപം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് വിവരങ്ങൾ തേടിയത്.വൈകിട്ട് 4 ഓടെ എത്തിയ ഡി.ഇ.ഒ 5.30 ഓടെയാണ് മടങ്ങിയത്.ലഭ്യമായ വിവരങ്ങൾ വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് കൈമാറുമെന്ന് ഡി.ഇ.ഒ പറഞ്ഞു.

അതിനിടെ സ്കൂളിലെ 18 വിദ്യാർത്ഥിനികളെ മോശമായി അധിക്ഷേപിച്ച് എഫ്.ബിയിൽ പോസ്റ്റിട്ടയാൾക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.രാഷ്ട്രീയ ഇടപെടലാണ് ഇയ്യാൾക്കെതിരെ കേസെടുക്കാൻ പോലീസ് മടിക്കുന്നതെന്നാണ് ആക്ഷേപം.സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ യൂണിഫോം നൽകുന്നതിന് അളവെടുക്കാൻ ഏർപ്പാടാക്കിയ തയ്യൽക്കാരൻ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

സ്കൂളില്‍ സമരം നടത്തിയ വിദ്യാർത്ഥികളെ ഇന്നലെ സ്കൂൾ വളപ്പിൽ കടന്ന് പോലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു.ലാത്തിച്ചാർജിൽ 15 വയസ്സ് വരെ മാത്രം പ്രായമുള്ള നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.അതിനിടെ പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ 10ന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ശൂരനാട് പോലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

Advertisement