യുദ്ധ സ്മരണകൾ പുതുക്കി ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി

ഓച്ചിറ . യുദ്ധ സ്മരണകൾ പുതുക്കി ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി പടനിലത്ത് തുടങ്ങി. കാർത്തികപ്പള്ളി, കരുനാഗപ്പള്ളി, മാവേലിക്കര താലൂക്കിൽപ്പെട്ട ഓണാട്ടുകരയിലെ 52 കരകളിൽ നിന്നു നൂറ് കണക്കിനു യോദ്ധാക്കൾ രണ്ടു ദിനങ്ങളായി നടക്കുന്ന ഓച്ചിറക്കളിയിൽ തങ്ങളുടെ ആയോധന പാടവം പ്രകടിപ്പിക്കുകയാണ്.

ഇടവം ഒന്നു മുതൽ ഒരു മാസക്കാലം കളി ആശാൻമാർ യോദ്ധാകൾക്ക് പ്രത്യേക വായ്ത്താരിയോടെ അടവുകളും ചുവടുകളും അഭ്യസിചിരുന്നു. വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. കഴിഞ്ഞ ദിവസം കളരികളിൽ കളരി പൂജയും ആയുധപൂജയും നടത്തി.


ഇന്ന് രാവിലെ 7 ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ജി. സത്യൻ തോട്ടത്തിൽ പടനിലത്ത് പതാക ഉയർത്തി. ഓച്ചിറക്കളിക്ക് തുടക്കമായി. തുടർന്നു പ്രത്യേക തലപ്പാവും വേഷവിധാനവുമായി കളി ആശാൻമാരുടെ നേതൃത്വത്തിൽ യോദ്ധാക്കൾ ഘോഷയാത്രയായി പടനിലത്ത് എത്തി. 12 ന് പടനിലത്ത് ശംഖ് നാദം മുഴങ്ങിയതോടെ യോദ്ധാക്കൾ ക്ഷേത്ര ഭരണ സമിതി ഓഫീസിനു മുന്നിൽ അണിനിരന്നു.

12.10 ന് ഓച്ചിറക്കളിയ്ക്ക് അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ഭായി ദീപം തെളിച്ചു. തുടർന്നു ക്ഷേത്ര ഭരണ സമിതി സെക്രട്ടറി കെ.ഗോപിനാഥൻ പടത്തലവൻമാർക്ക് ധ്വജം കൈമാറി വിവിധ വാദ്യമേളങ്ങളുടെയും ഋഷഭ വീരന്മാരുടെ അകമ്പടിയോടെ കരനാഥന്മാർ , ക്ഷേത്ര അവകാശികൾ, സ്ഥാനികൾ, ഭരണ സമിതി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ കരഘോഷയാത്ര ആരംഭിച്ചു.

chira


കരഘോഷയാത്ര ആൽത്തറകൾ, എട്ടുകണ്ടം, ഉണ്ടിക്കാവ്, ഗണപതി ആൽത്തറ എന്നിവിടങ്ങളിൽ പ്രദക്ഷിണം ചെയ്ത ശേഷം കിഴക്ക് പടിഞ്ഞാറ് കരകളായി പിരിഞ്ഞു എട്ടു കണ്ടത്തിന്റ കിഴക്ക് പടിഞ്ഞാറ് കരയിൽ എത്തി കരക്കളി നടത്തി. എട്ടു കണ്ടത്തിനു മുകളിൽ കൃഷ്ണ പരുന്ത് വട്ടമിട്ടു പറന്നതോടെ കരനാഥൻമാരും പടത്തലവൻമാരും എട്ടു കണ്ടത്തിന്റെ മധ്യത്തിൽ ഇറങ്ങി പരസ്പരം കര പറഞ്ഞു

ഹസ്തദാനം നടത്തുന്നതോടെ ഇരു കരകളിൽ നിന്നു യോദ്ധാക്കൾ ആയുധങ്ങളുമായി എട്ടു കണ്ടത്തിലിറങ്ങി നേർക്കുനേർ പോരാട്ടം നടത്തും. കുറച്ചു സമയം തകിടി കണ്ടത്തിലും ഓച്ചിറക്കളി കാഴ്ചവച്ച ശേഷം ക്ഷേത്ര കുളത്തിൽ സ്നാനം നടത്തിയോദ്ധാക്കൾ മടങ്ങി. രണ്ടാം ദിവസമായ നാളെ സമാന ചടങ്ങുകളോടെ ഓച്ചിറക്കളി നടക്കും.

Advertisement