വ്യാജമദ്യകച്ചവടത്തിനെതിരെ പരാതിനല്‍കിയതിന് കേസില്‍ കുടുക്കിയ ഷാപ്പു തൊഴിലാളിയുടെ ജീവിതം ഇരുട്ടിലായിട്ട് രണ്ടര വര്‍ഷം

കൊല്ലം. എക്‌സൈസ് ഉദ്യോഗസ്ഥന്‍ പക തീര്‍ത്തതോ പരിശോധന നടത്തിയ ലാബിന്റെ നോട്ടപ്പിശകോ മനസറിയാത്ത കാര്യത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന തൊഴിലാളി അധികാരികളുടെ ദയ തേടി രണ്ടുവര്‍ഷമായി അലയുന്നു.
പടിഞ്ഞാറേകല്ലട ഐത്തോട്ടുവ നാരകത്തില്‍പടിഞ്ഞാറ്റതില്‍ എസ് മോഹനനാണ് അധികൃതരുടെ പിഴവിന് ആത്മഹത്യയുടെ വക്കില്‍ ജീവിതം തള്ളിനീക്കുന്നത്.
2019 ല്‍ മണ്‍റോത്തുരുത്ത് മേഖലയിലെ വ്യാജമദ്യകച്ചവടത്തിനെതിരെ എക്‌സൈസിന് പരാതിയും വ്യക്തമായ വിവരവും നല്‍കിയിട്ടും നടപടിയില്ലാത്തതിന് ഉന്നതാധികൃതര്‍ക്ക് മോഹനന്‍ ചില പരാതികള്‍ അയച്ചിരുന്നു. ഇതോടെ പലര്‍ക്കും മോഹനന്‍ കണ്ണിലെ കരടായി.

കെഎല്‍എം 644 തൊഴിലാളി സമിതിയിലെ കള്ളുഷാപ്പ് തൊഴിലാളിയായ മോഹനന്റെ പേരില്‍ 5 ഷാപ്പുകളുടെ ലൈസന്‍സ് ഉണ്ടായിരുന്നു. മോഹനന്‍ ലൈസന്‍സിയായ ടിഎസ് 32 ചെമ്മക്കാട് ഷാപ്പില്‍നിന്നും 2019 ഡിസംബര്‍ 16 ശേഖരിച്ച സാംപിളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി എന്നു പറഞ്ഞ് അബ്കാരി കേസ് എടുത്തു. എ സാംപിളിലായിരുന്നു പ്രശ്‌നം ഇതിനൊപ്പം അയച്ച ബി സാംപിള്‍ പരിശോധനാ ഫലം വന്നതുമില്ല.

ജോലിയില്‍നിന്നും മാറ്റി നിര്‍ത്തപ്പെട്ട മോഹനന്‍ ഏറെ നാള്‍ ബി സാംപിള്‍ പപരിശോധനാഫലം കാത്തുനിന്നു. പാലക്കാട് നിന്നും എത്തിച്ച പെര്‍മിറ്റ് കള്ളിലായിരുന്നുമായം എന്നതിനാല്‍ ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കി പരാതിയും ആരും പരിശോധിച്ചില്ല. ചട്ടപ്രകാരം മാറ്റി നിര്‍ത്തപ്പെട്ട തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വേതനവും മോഹനന് ലഭിച്ചില്ല.


പരാതികളുമായി വിടാതെ പിന്നാലേ കൂടിയ മോഹനന്‍ എക്‌സൈസ്മന്ത്രിക്ക് പരാതി നല്‍കിയതോടെ സാംപിള്‍ പരിശോധനയിലുണ്ടായ പിഴവാണ് മയക്കുമരുന്നുണ്ട് എന്ന് തെറ്റായി രേഖപ്പെടുത്താനിടയാക്കിയതെന്ന് എക്‌സൈസ് കണ്ടെത്തി ഇക്കഴിഞ്ഞ ജനുവരി 31ന് എക്‌സൈസ് കമ്മീഷണര്‍ കത്ത് നല്‍കി.

എന്നാല്‍ മോഹനന്റെ കേസ് പിന്‍വലിക്കുകയോ അയാളുടെ ജീവനോപാധിയായ ജോലി തിരികെ ലഭിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ജോലിയിലിരിക്കെ അടച്ചിരുന്ന ലോണുകള്‍ കുടിശികയായി വന്‍ബാധ്യതയായിട്ടുണ്ട്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ് എന്ന് മോഹനന്‍പറയുന്നു. പിഴവ് കണ്ടെത്തിയിട്ടുപോലും നടപടി വൈകുന്നത് ചൂണ്ടിക്കാട്ടിമുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി കാത്തിരിക്കുകയാണ് മോഹനന്‍. ഒരു തൊഴിലാളിക്കുനേരെ ഗുരുതരമായ ദ്രോഹപ്രവര്‍ത്തി ഉ ണ്ടായിട്ടും മോഹനന്‍ അംഗമായ സിഐടിയു നേതൃത്വത്തില്‍ നിന്നും കാര്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

Advertisement