മരച്ചീനി ഇലയിൽ നിന്ന് വൈദ്യുതി; വിജയഗാഥ രചിച്ച്‌ തിരുവനന്തപുരം സി.ടി.സി.ആർ.ഐ

തിരുവനന്തപുരം: രാജ്യത്തിന്റെ പ്രയാണത്തിന് ഏറെ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന പുതിയൊരു കണ്ടുപിടുത്തവുമായി കേന്ദ്ര കാർഷിക ഗവേഷണ കൗൺസിലിന് കീഴിലുള്ള തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം (സി.ടി.സി.ആർ.ഐ.).

കേന്ദ്രആണവോർജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് സി.ടി.സി.ആർ.ഐ.യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. സി. എ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമം ഫലം കണ്ടിരിക്കുന്നത്.

മരച്ചീനി വിളവെടുക്കുമ്പോൾ ഒടിച്ചു കളയുന്ന തണ്ടുകളിലും ഇലകളിലും നിന്നും ജൈവ കീടനാശിനിക്കു ഉതകുന്ന രാസവസ്തുക്കൾ വേർതിരിക്കുന്ന ഗവേഷണമാണ് വൈദ്യുതി ഉൽപ്പാദനത്തിലും കൂടി എത്തിച്ചത്. സാധാരണ ഗതിയിൽ മരച്ചീനിയിൽ നിന്ന് വാതകം ഉൽപ്പാദിപ്പിക്കുക അത്ര എളുപ്പമല്ല. ഇലകളിൽ സെല്ലുലോസ്, ഹെമി സെല്ലുലോസ് ലിഗ്‌നിൻ എന്നിവ കൂടിയതു കൊണ്ട് അവയിൽ നിന്നും ബയോഗ്യാസ് ഉണ്ടാക്കുകയും എളുപ്പമല്ല. എന്നാൽ ഇവിടെ ആ കടമ്പയും തരണം ചെയ്തു. മരച്ചീനി ഇലകളിൽ നിന്നും ജൈവ കീടനാശിനി തൻമാത്രകൾ യന്ത്രങ്ങളുപയോഗിച്ച്‌ വേർതിരിച്ചശേഷം ബാക്കിയുള്ളവയെ ബാക്ടീരിയയും അതുപോലുള്ള മറ്റ് ജീവനുള്ള വസ്തുക്കളും ഉപയോഗിച്ച്‌ മീഥേൻ ഉൽപ്പാദിപ്പിച്ചു (മെത്തനോജനിസിസ്). പിന്നെ അനാവശ്യവാതകങ്ങൾ മാറ്റിയശേഷം ശുദ്ധമായ മിഥേൻ വേർതിരിച്ചെടുത്തു. ഈ മിഥേനിൽ നിന്നാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. പ്രതീക്ഷിച്ച രീതിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ വിശദീകരിച്ചു.

മരച്ചീനിയിൽ (കസവ) വൈദ്യുതി ഉല്പാദിച്ചതു കൊണ്ട് ഇതിനെ ‘കസാ ദീപ്’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശി ഫ്രാൻസിസ് പരിഷ്‌കരിച്ചെടുത്ത ജനറേറ്ററിന്റെ സഹായത്തോടെയാണ് ഈ മീഥേനിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യുറോയുടെ നേതൃത്വത്തിൽ ഹിമാചൽ പ്രദേശിൽ നിന്ന് എത്തിയ ഒരു സംഘം പത്രപ്രവർത്തകർക്ക് മുന്നിൽ പദ്ധതി പ്രദർശിപ്പിച്ചു.

Advertisement