ഇടയ്ക്കാട്ടിലെ ജനവാസമേഖലയിൽ ചവിട്ടി നിർമ്മാണ ഫാക്ടറി;പ്രതിഷേധം ശക്തം

ശാസ്താംകോട്ട : പോരുവഴി ഗ്രാമ പഞ്ചായത്തിലെ ഇടയ്ക്കാട് കരോട്ടി മുക്കിൽ പ്രവർത്തനം ആരംഭിച്ച ചവിട്ടി നിർമ്മാണ ഫാക്ടറിക്കെതിരെ ജനരോഷം ശക്തമാകുന്നു.നാട്ടുകാർക്ക് ദുരിതവും രോഗവും സമ്മാനിക്കുന്ന ഫാക്ടറിക്കെതിരെ പ്രദേശവാസികൾ ശക്തമായ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശവാസികൾ ഒറ്റക്കെട്ടായി ഫാക്ടറി ഉപരോധിച്ചു.ജനവാസ മേഖലയിൽ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് കമ്പനി ഉടമകൾ ഫാക്ടറി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അനുമതി നേടിയതെന്നാണ് വിവരം.പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ദോഷം ഉണ്ടാക്കുന്ന മാരകമായ വിഷ ദ്രാവകം ഉപയോഗിച്ചാണ് കമ്പനിയുടെ ഉത്പന്നങ്ങളുടെ നിർമ്മാണം നടത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു.ഗോഡൗൺ നിർമ്മാണത്തിനെന്ന പേരിൽ വസ്തു വാങ്ങിയാണ് ചവിട്ടുമെത്ത നിർമ്മാണ ഫാക്ടറിയുടെ പ്രവർത്തനം തുടങ്ങിയത്.

ഫാക്ടറിക്ക് ചുറ്റും മതിൽ തീർത്തും ദുരൂഹമായിരുന്നു നിർമ്മാണം നടത്തിയത്.തൊട്ടടുത്തുള്ള കനാൽ കയ്യേറിയാണ് കെട്ടിട നിർമ്മാണം നടത്തിയതത്രേ.പി.വി.സി റെക്സിൻ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് ചകിരി മെത്ത നിർമ്മാണത്തിനെന്ന പേരിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും പോരുവഴി ഗ്രാമപഞ്ചായത്തിൽ നിന്നും കമ്പനി ഉടമകൾ അനുമതി കരസ്ഥമാക്കിയതെന്നാണ് വിവരം.

എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മാരകമായ വിഷദ്രാവകം ഉപയോഗിച്ച് റബ്ബർ ഷീറ്റിന് മുകളിൽ പ്ലാസ്റ്റിക്ക് ആവരണം ചെയ്ത് നടത്തുന്ന ഉൽപ്പാദനമാണ് നടക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.അരോചകമായ വിധത്തിൽ ദുർഗന്ധവും പുകയും കമ്പനിയിൽ നിന്നും പുറത്തെത്തിയതോടെയാണ് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള വിഷദ്രാവകങ്ങൾ ഉപയോഗിച്ചാണ് കമ്പനി ഉൽപ്പാദനം നടത്തുന്നതെന്ന് പരിസരവാസികൾക്ക് ബോധ്യമായത്.

ട്രയൽ റൺ സമയത്താണ് ഇത് ബോധ്യപ്പെട്ടത്.
ഈ സമയം പരിസരവാസികൾക്ക് ശ്വാസംമുട്ടലും അസഹ്യമായ ദുർഗന്ധവും അനുഭവപ്പെട്ടു.കമ്പനിയിൽ നിന്നും വിഷദ്രാവകം ഉൾപ്പെടെയുള്ള മാലിന്യം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള കനാലിൽ എത്തുന്നതും വലിയ രീതിയിലുള്ള ദോഷം ചെയ്യാനാണ് സാധ്യത.കനാൽ വെള്ളം ഉപയോഗിക്കുന്ന മനുഷ്യരും പക്ഷി മൃഗാദികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നും നാട്ടുകാർ ഭയപ്പെടുന്നു.

എന്നാൽ പ്രശ്നങ്ങൾ പഠിച്ച് ആവശ്യമെന്ന് കണ്ടാൽ ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് അറിയിച്ചു.അതിനിടെ ഫാക്ടറിക്കെതിരെ ശക്തമായ ജനരോക്ഷം ഉയർന്നിട്ടും ബിജെപി പ്രതിനിധിയായ വാർഡ് മെമ്പർ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.

Advertisement