കൊല്ലം പ്രാദേശിക ജാലകം

കരുനാഗപ്പള്ളിയെ കിടുക്കി മല്‍സ്യപരിശോധന, പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു
കരുനാഗപ്പള്ളി . വിവിധ മത്സ്യ മാർക്കറ്റുകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. പുതിയകാവ് മാർക്കറ്റ്, വള്ളിക്കാവ്, ആലുംകടവ് മത്സ്യമാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്.

പുതിയകാവ് മാർക്കറ്റിൽ നിന്നും പത്ത് കിലോയോളം ചൂരയും ആലുംകടവ് മാർക്കറ്റിൽ നിന്ന് മൂന്നുകിലോ നെത്തോലിയും ആണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസർ അനീഷ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റീന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

വിവിധ മത്സ്യ മാർക്കറ്റുകളിൽ പഴകിയ മത്സ്യം വിൽക്കുന്നതായുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധന നടന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേര്‍ പോലീസ് പിടിയിലായി

കൊല്ലം.പളളിത്തോട്ടം എച്ച്.ആന്‍റ് സി ഗാന്ധി നഗറിലെ വീട്ടില്‍ വച്ച് യുവാവിനെ കൗമുദി നഗറിലെ റോഡില്‍ വച്ച് അര്‍ദ്ധരാത്രി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. പളളിത്തോട്ടം അനുഗ്രഹ നഗര്‍ 13 ല്‍ മേലന്‍ (29), പളളിത്തോട്ടം ഗലീലിയെ കോളനിയില്‍ സുകു എന്നു വിളിക്കുന്ന ഹാരിസണ്‍ (32) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മൂന്ന് ആഴ്ചക്കള്‍ക്ക് മുമ്പ് മുണ്ടയ്ക്കല്‍ പാപനാശത്തുളള ബിയര്‍ പാര്‍ലറില്‍ വച്ച് ഇവരും വെട്ടേറ്റ രതീഷ് റാമും തമ്മില്‍ വാക്ക് തര്‍ക്കവും കൈയ്യാങ്കളിയും ഉണ്ടായി. ഇതിന്‍റെ വിരോധത്തില്‍ കഴിഞ്ഞ 10ന് വൈകുന്നേരം 3.45 ന് എച്ച്.ആന്‍റ് സി ഗാന്ധി നഗറിലെ രതീഷിന്‍റെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയക്ക് വിധേയനാക്കി.

തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മുന്‍ കേസുകളിലെ പ്രതികളായ യുവാക്കള്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു. ഇവര്‍ യുവാക്കളെ തങ്കശ്ശേരി ഹാര്‍ബറില്‍ എത്തിയതായ ലഭിച്ച രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഹാര്‍ബറില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.


പളളിത്തോട്ടം ഇന്‍സ്പെക്ടര്‍ ആര്‍. ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ സുകേഷ്, അനില്‍ ബേസില്‍, ജാക്സണ്‍ ജേക്കബ്, ഹിലാരിയസ്, സുനില്‍ അജി മേനോന്‍, എ.എസ്.ഐ മാരായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍ എസ്സ്.സി.പി.ഒ സ്ക്ലോബിന്‍, ജഗതീഷ്, ലിനേഷ്, ബൈജൂ, ജൂഡ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.


സി.ഐ.ബിജുവിനെ ക്രമസമാധാന ചുമതലയിൽനിന്നും മാറ്റണം, കെ.എസ്.യു. പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം
കൊല്ലം: മനുഷ്യാവകാശ കമ്മീഷൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സി.ഐ.ബിജുവിനെ ക്രമസമാധാന ചുമതലയിൽനിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു കെ.എസ്.യു. ശക്തികുളങ്ങര പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സാധാരണക്കാർ നിരവധി പരാതികളാണ് സി.ഐ.ബിജുവിനെതിരെ വിവിധ സ്ഥലങ്ങളിൽ നൽകിയിട്ടുള്ളത്. വ്യാപകമായി മൂന്നാംമുറ പ്രയോഗം നടത്തുന്നതിനെതിരെയും നിരവധി പരാതികൾ നിലവിലുണ്ട്.

പിണറായി ആഭ്യന്തരം ഏറ്റെടുത്തതിന് ശേഷം കേരളത്തിലെ പോലീസ് സേന ഉത്തർപ്രദേശിനെ അനുകരിക്കുകയാണെന്നു മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു. സി.ഐ.ബിജുവിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് ഈ സമരം ഏറ്റെടുക്കുമെന്ന് വിഷ്ണു സുനിൽ പന്തളം മുന്നറിയിപ്പ് നൽകി.

അതുൽ എസ്.പി. അധ്യക്ഷത വഹിച്ചു. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, കൗശിക് എം.ദാസ്, നസ്മൽ കലത്തിക്കാട്, ബിച്ചു കൊല്ലം, അർഷാദ് മുതിര പറമ്പ്, തൗഫീക് മൈലാപുർ, ഗോകുൽ കൃഷ്ണ,
അനന്ദു ചവറ, അനന്ദു പിള്ള, സാജൻ കുരീപ്പുഴ, സിദ്ദിഖ്, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.

പൊലീസുമായുള്ള സംഘർഷത്തിൽ ഉദ്ഘാടകൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിഷ്ണു വിജയൻ, നെസ്മൽ, കൗശിക്, ഗോകുൽ, അതുൽ എസ് പി, തുടങ്ങിയവർക്ക് പരിക്കുപറ്റി.

ഉത്സവത്തിനിടെ പിഞ്ച്കുഞ്ഞിനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ കൂടി പോലീസ് പിടിയിലായി

ഓച്ചിറ.ഉത്സവത്തിനിടെ രണ്ടേകാല്‍ വയസുകാരനേയും പിതാവിനേയും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ കൂടി പോലീസ് പിടിയിലായി. ഓച്ചിറ പായിക്കുഴി ഐക്കരശ്ശേരിയില്‍ അഭിജിത്ത് (21), സഹോദരന്‍ അനിജിത്ത് (19), പായിക്കുഴി ചിറയില്‍ വീട്ടില്‍ വിനീത് (20) എന്നിവരാണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ഇവരുടെ സുഹൃത്തായ സഞ്ചുവില്‍ അഖിലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് സ്വര്‍ണ്ണ കമ്മല്‍ വാങ്ങി പണയം വച്ചിരുന്നു.

കമ്മല്‍ തിരികെ കൊടുക്കാതിരുന്നതിനെ തുടര്‍ന്ന് കമ്മലിന്‍റെ വില അഖിലിന്‍റെ ഭാര്യ ആവശ്യപ്പെടുകയും ഇവര്‍ തമ്മില്‍ പരസ്പരം വാക്കേറ്റം ഉണ്ടായിട്ടുളളതുമാണ്. കഴിഞ്ഞ 3ന് രണ്ടേകാല്‍ വയസുളള മകനൊപ്പം വലിയകുളങ്ങര ക്ഷേത്ര ഉത്സവം കാണാനെത്തിയ അഖിലിനെ രഞ്ചുവും കൂട്ടരും ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ചുടുകട്ട കൊണ്ട് കുഞ്ഞിന്‍റെ തലയ്ക്ക് ഇടിച്ചതില്‍ കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു, ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞ് ആലപ്പുഴ വണ്ടാനം റ്റി.ഡി മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

അഖിലും ആശുപത്രിയിലാണ്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന സംഘത്തിലെ സഞ്ചുവിനെ കഴിഞ്ഞ 7ന് പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവര്‍ തിരികെ വീട്ടിലെത്തിയതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു.


ഓച്ചിറ ഇന്‍സ്പെക്ടര്‍ വിനോദ്.പി, എസ്സ്.ഐ നിയാസ്, എ.എസ്സ്.ഐ മാരായ വേണുഗോപാല്‍, സന്തോഷ്, എസ്.സി.പി.ഒ ഫ്രൈഡിനന്‍റ്, സി.പി.ഓ മാരായ രഞ്ജിത്ത്, കനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

അഞ്ച് വയസുകാരിയോട് ലൈംഗീക അതിക്രമം, മധ്യവയ്സക്കന് അഞ്ച് വര്‍ഷം കഠിന തടവ്

കൊല്ലം.അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്
അഞ്ച് വയസുകാരിയോട് ലൈംഗീക അതിക്രമം നടത്തിയ അറുപത്കാരനെ അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലായെങ്കില്‍ ആറ് മാസം കൂടി തടവ് അനുഭവിക്കണം.

ആദിച്ചനല്ലൂര്‍ വില്ലേജില്‍ വെണ്‍മണി ചിറ കോളനിയില്‍ ചരുവിള പുത്തന്‍ വീട്ടില്‍ മണിയെ (60) ആണ് ശിക്ഷിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷണല്‍ സെഷന്‍ കോടതി (പോക്സോ സ്പെഷ്യല്‍ കോടതി) ജഡ്ജ് കെ.എന്‍. സുജിത്ത് ആണ് ശിക്ഷ വിധിച്ചത്. 2017 മേയ് 7 ന് പകല്‍ മിഠായി വാങ്ങി മടങ്ങുന്ന അഞ്ച് വയസുകാരിയോടാണ് ഇയാള്‍ ലൈംഗീക അതിക്രമം നടത്തിയെന്നതാണ് പ്രോസിക്യൂഷന്‍ കേസ്.

കൊട്ടിയം സബ്ബ് ഇന്‍സ്പെക്ടറും ഇപ്പോള്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്പെകടറുമായ ആര്‍. രതീഷ് ആണ് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഈ കേസില്‍ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കൊട്ടിയം ഇന്‍സ്പെക്ടറായിരുന്ന ജി. അജയനാഥ് ആണ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സോജ തുളസീധരനും, ഗവണ്‍മെന്‍റ് പ്ലീഡര്‍ അഡ്വ. സിസിന്‍ ജി മുണ്ടക്കല്‍ എന്നിവരാണ് ഹാജരായത്.

ബൈക്ക് മോഷണം, യുവാക്കള്‍ പോലീസ് പിടിയിലായി

കൊല്ലം.കല്ലുംതാഴം ജംഗ്ഷന് സമീപമുളള ഷോപ്പിംഗ് കോംപ്ലക്സിനടുത്ത് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പോലീസ് പിടിയിലായി.

മങ്ങാട് ചിറയില്‍ കുളത്തിന് സമീപം വിമല്‍ ഭവനില്‍ വിമല്‍ (28), കിളികൊല്ലൂര്‍ തെക്കേടത്ത് അമ്പലത്തിന് സമീപം കുഴിവിള വീട്ടില്‍ അജിത്ത് (കണ്ണന്‍, 24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ 5ന് പകല്‍ ഷോപ്പിംഗ് കോംപ്ലക്സിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ രാജേഷിന്‍റെ ബൈക്ക് ഇവര്‍ മോഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്‍റെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ച് മാറ്റി ഉപയോഗിച്ച് വരുകയായിരുന്നു.

സംശയകരമായ സാഹചര്യത്തില്‍ കുറ്റിച്ചിറ ജംഗ്ഷന് സമീപം ബൈക്കുമായി കണ്ട യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കല്ലുംതാഴം നിന്നും നഷ്ടപ്പെട്ട ബൈക്കാണ് യുവാക്കള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ബൈക്ക് മോഷണത്തിന് ഇരുവരേയും പിടികൂടുകയായിരുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെ യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, ജയന്‍ കെ സക്കറിയ താഹക്കോയ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ റിമാന്‍റ് ചെയ്തു.

ബാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍

കൊല്ലം .അന്യ സംസ്ഥാന തൊഴിലാളിയായ ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ പളളിത്തോട്ടം നീലാംത്തോട്ടം അനില്‍ ഭവനില്‍ മണികണ്ഠന്‍ (42) ആണ് പോലീസ് പിടിയിലായത്. കോട്ടമുക്കിലുളള ബാര്‍ ഹോട്ടലില്‍ മദ്യപിക്കാനെത്തിയ മദ്യപിച്ച ശേഷം ട്രേയില്‍ ഗ്ലാസുകളുമായി പോയ ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫായ ആസാം സ്വദേശി അസ്ഹറുളിനോട് ഇയാള്‍ കുപ്പി ആവശ്യപ്പെട്ടത് നിരസിച്ച വിരോധത്തിലാണ് ആക്രമിച്ചത്.

ഇയാള്‍ ഗ്ലാസ് കൊണ്ട് അസ്ഹറുളിനെ ആക്രമിച്ചതില്‍ വയറിലും മുതുകിലും തലയിലും ഗുരുതരമായി പരിക്കേറ്റു. ഇയാളെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ഷെഫീക്ക് ബിയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ശ്യാം കുമാര്‍ കെ.ജി, ഹസന്‍കുഞ്ഞ്, എ.എസ്.ഐ സിദ്ധിക്ക് ഉള്‍ അക്ബര്‍, സി.പി.ഒ വിനോദ്, ബാസ്റ്റിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

മധ്യവയ്സക്കയെ മാനഹാനി വരുത്തിയ ആള്‍ അറസ്റ്റില്‍

പാരിപ്പളളി.മധ്യവയ്സ്ക്കയെ മാനഹാനി വരുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ വരിഞ്ഞം രാജൂ ഭവനം സുനില്‍ (48) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ ഭാര്യയെ നിരന്തരം ഉപദ്രവിക്കുന്നത് മധ്യവയ്സ്ക്കയായ സ്ത്രീ ചോദ്യം ചെയ്ത പ്രകോപനത്തിലാണ് ഇയാള്‍ സ്ത്രീയെ ഉപദ്രവിച്ചത്. കൊടുവാളുമായി ഇവരുടെ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ സ്ത്രീ ധരിച്ചിരുന്ന വസ്ത്രം വലിച്ച് അഴിക്കുകയായിരുന്നു.

ഇവരെയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പരസ്യമായി ആക്ഷേപിച്ചതില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും അസഭ്യം വിളിച്ചതിനും ഇയാള്‍ക്കെതിരെ പാരിപ്പളളി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്. പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ. അല്‍ജബാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അനുരൂപ, പ്രദീപ് എ.എസ്.ഐ നന്ദകുമാര്‍ എസ്സിപിഒ ഡോള്‍മ, നൗഷാദ്, സജു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

സ്ക്കൂട്ടര്‍ മോഷണം – യുവാവ് പോലീസ് പിടിയിലായി

കൊല്ലം.കടയുടെ മുന്നില്‍ സൂക്ഷിച്ചിരുന്ന സ്ക്കൂട്ടര്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കല്‍ ലക്ഷ്മി നഗര്‍ 171 റീന ഭവനം വീട്ടില്‍ സുജു ഫെര്‍ണാണ്ടസ് (26) ആണ് പോലീസ് പിടിയിലായത്. മുണ്ടയ്ക്കല്‍ സ്വദേശിയായ മുരുകേശന്‍ എന്നയാള്‍ ചായക്കടമുക്കിലുളള കടയുടെ മുന്നില്‍ താക്കോലുമായി പാര്‍ക്ക് ചെയ്തിരുന്ന ഡിയോ ഇനത്തില്‍പ്പെട്ട സ്ക്കൂട്ടറാണ് മോഷണം പോയത്. സ്ക്കൂട്ടര്‍ കടയുടെ മുന്നില്‍ വച്ച് കടയില്‍ നിന്നും സാധനം വാങ്ങുന്നതിനുളളില്‍ ഇയാള്‍ വണ്ടിയുമായി കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തില്‍ പ്രതിയെ കണ്ടെത്തി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്ക്കൂട്ടര്‍ ജില്ലാ ആശുപത്രിക്ക് സമീപം നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഓട്ടോയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, ജയകുമാര്‍, പ്രകാശ്എ.എസ്ഐ സുരേഷ് സി.പി.ഒ മനാഫ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

റേഷന്‍ ഡിപ്പോ ക്രമക്കേടുകളുടെ പേരില്‍ ജില്ലാ സപ്‌ളൈഓഫിസര്‍ സസ്‌പെന്‍ഡു ചെയ്തു

ചവറ. പഞ്ചായത്തിലെ ഇ അബ്ദുള്‍കരിം ലൈസന്‍സിയായ 37-ാം നമ്പര്‍ റേഷന്‍ ഡിപ്പോ ക്രമക്കേടുകളുടെ പേരില്‍ ജില്ലാ സപ്‌ളൈഓഫിസര്‍ സസ്‌പെന്‍ഡു ചെയ്തതായി താലൂക്ക് സപ്‌ളൈഓഫിസര്‍ അറിയിച്ചു. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.

കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ പ്രഥമ കുമാരനാശാൻ പുരസ്കാരം കവി പി. കെ.ഗോപിക്ക്

തുറയിൽക്കുന്ന്. കുമാരനാശാൻ സ്മാരക ഗ്രന്ഥശാലയുടെ പ്രഥമ കുമാരനാശാൻ പുരസ്കാരം പ്രശസ്ത കവി പി. കെ.ഗോപിക്ക് ക്ഷീര, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിച്ചത്. ഗ്രന്ഥശാല രജത ജൂബിലി സുവനീർ പ്രകാശനം, ഗിന്നസ് റെക്കോഡ് നേടിയ സാഹസിക നീന്തൽ താരം ഡോൾഫിൻ രതീഷിനെ ആദരിക്കൽ, ആസാദ് ആശിർവാദിന്റെ കവിതാ സമാഹാരം നേർകാഴ്ചയുടെ പ്രകാശനം എന്നിവയും മന്ത്രി നിർവഹിച്ചു.

ഗ്രന്ഥശാല പ്രസിഡൻറ് ഡോ. ജാസ്മിനും സെക്രട്ടറി ആൾഡ്രിൻ റ്റി എം ചേർന്ന് മന്ത്രിയ്ക്ക് ഗ്രന്ഥശാലയുടെ ഉപഹാരം നല്കി ആദരിച്ചു.സ്ഥാപക അംഗങ്ങളുടെ ഛായാചിത്രങ്ങൾ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അനാച്ചാദനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ സുവനീർ ഏറ്റുവാങ്ങി പരിചയപ്പെടുത്തി.

ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ എസ്.ഇന്ദുലേഖ, കൗൺസിലർമാരായ പി. പുഷ്പാംഗദൻ, എസ്.സിംലാൽ, ടി.പി.സലിംകുമാർ, ജോൺ എഫ് കെന്നഡി സ്കൂൾ മാനേജർ മായാശ്രീകുമാർ ,ആസാദ് ആശിർവാദ്, ബിജു തുറയിൽക്കുന്ന്, അനിൽ ചൂരയ്ക്കാടൻ, രഗേഷ് ശ്രീനിവാസൻ,സന്തോഷ് ശിവാനന്ദ്, ഷീല, മേബിൾ റെക്സി എന്നിവർ സംസാരിച്ചു. കാഥികൻ ചവറ തുളസി നേർക്കാഴ്ച പരിചയപ്പെടുത്തി.

ടാറിട്ട റോഡ് മുറിച്ചുകടക്കുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാർ തടഞ്ഞ് വെച്ച് അഞ്ചലിലെ വനപാലകരെ ഏൽപ്പിച്ചു
അഞ്ചൽ. കാളച്ചന്ത യ്ക്ക് സമീപത്തെ തോടിനോട് ചേർന്നുള്ള ടാറിട്ട റോഡിന് കുറുകേ ഇഴഞ്ഞ് പോകുന്ന
പെരുമ്പാമ്പിനെ
ശ്രദ്ധയിൽ പെട്ട നാട്ടുകാർ തടഞ്ഞ് വെച് അഞ്ചലിലെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി കൊണ്ടുപോയി. കഴിഞ്ഞ കഴിഞ്ഞദിവസം രാത്രി 10 മണി മണിയോടെയാണ് സംഭവം.

പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും

മൈനാഗപ്പള്ളി .തൊഴിലുറപ്പ് തൊഴിലാളി കളുടെ മൈനാഗപ്പള്ളി പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും സംസ്‌ഥാന പ്രസിഡന്റ്‌ സ. ചെങ്ങറ സുരേന്ദ്രൻ Ex MP ഉദ്ഘാടനം ചെയ്യുന്നു.

പ്രൊ. S. അജയൻ, എം വിജയകൃഷ്ണൻ N. ഓമനക്കുട്ടൻ, അബ്ദുൽ റഷീദ്, കൃഷ്ണ കുമാർ എന്നിവർ സമീപം. യൂണിയൻ പഞ്ചായത്ത്‌ കമ്മറ്റി പ്രസിഡന്റ്‌ സ. പുഷ്പ കുമാരി അധ്യക്ഷ യായി. സെക്രട്ടറി R. മദന മോഹനൻ സ്വാഗതവും ജോളി മോൾ നന്ദിയും പറഞ്ഞു.

യാത്ര അയപ്പും അനുമോദനവും നൽകി

കുന്നത്തൂർ. സ്ഥലം മാറി പോകുന്ന തഹസീൽദാർ G. സുരേഷ്ബാബുവിന് താലൂക്ക് സ്റ്റാഫ്കൗൺസിലിന്റെ ആഭിമുഖ്യത്തിൽ യാത്ര അയപ്പും സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസ് അവാർഡ് നേടിയ മൈനാഗപ്പള്ളി വീല്ലേജ്ഓഫീസ് ജീവനക്കാർക്കും സ്ഥാനകയറ്റം കിട്ടിയ ജീവനക്കാർക്ക് അനുമോദനവും ദേശീയ ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ കേരളത്തിൽ നിന്നും യോഗ്യത നേടിയ നാഫ്ന സമീറിനെ ഉപഹാരം നൽകി അനുമോദി ക്കുകയും ചെയ്തു.

ഡെപ്യൂട്ടികളക്ടർ ശ്രീമതി. ബീനറാണി മുഖ്യ അതിഥി യായിരുന്നു.സ്റ്റാഫ്‌ സെക്രട്ടറി ആർ. പ്രസന്നകുമാർ,G. അനിൽകുമാർ, അൻസാരി, അനീഷ്, സുജാശീതൾ, സമീർ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു..
അന്തരിച്ച ജീവനക്കാരൻ മെൽബിന്റെ കുടുംബ സഹായ ഫണ്ടും തദവസരത്തിൽ വിതരണം ചെയ്തു

Advertisement