ശക്തമായ കാറ്റിൽ കുന്നത്തൂരിൽ വീടിന്റെ മേൽക്കൂര പറന്നു പോയി

കുന്നത്തൂർ: തിങ്കളാഴ്ച വൈകിട്ടോടെ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ കുന്നത്തൂരിൽ വീടിന്റെ മേൽക്കൂര പറന്നു പോയി.കുന്നത്തൂർ കിഴക്ക് കടയിലഴികത്ത് വീട്ടിൽ സുരേഷിന്റെ ഇരുനില വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്ന് അയൽ വീട്ടിലെ മുറ്റത്ത് പതിച്ചത്.

ആസ്ബസ്റ്റോസ് ഷീറ്റു കൊണ്ടാണ് മേൽക്കൂര നിർമിച്ചിരുന്നത്.ആംഗ്ലേയറുകളും ഇതിൽ സ്ഥാപിച്ചിരുന്ന സിലിങ് ഫാനുകളും ഷീറ്റിനൊപ്പം പറന്ന് നിലം പതിച്ചു.ശക്തമായി മഴയിൽ വെള്ളം മുറികളിലേക്ക് പെയ്തിറങ്ങിയതിനാൽ കട്ടിലും മെത്തയും മറ്റ് ഫർണീച്ചറുകളും ഉപയോഗശൂന്യമായി.

ഇന്ന് വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം.ഓട്ടോ ഡ്രൈവറായ സുരേഷിന്റെ വൃദ്ധരായ മാതാപിതാക്കളും മക്കളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.ഇവർക്ക് പരിക്കില്ല.മഴയ്ക്കൊപ്പം ആഞ്ഞു വീശിയ കാറ്റ് കുന്നത്തൂർ മേഖലയിൽ വ്യാപകനാശം വിതച്ചു.

പാതയോരത്തും വീട്ടുപുരയിടങ്ങളിലും നിന്ന മരങ്ങൾ പിഴുതും ശിഖരങ്ങൾ ഒടിഞ്ഞും വീണാണ് നാശനഷ്ടം സംഭവിച്ചത്.കുന്നത്തൂർ പാലത്തിന് കിഴക്ക് വശത്തെ വളവിൽ കൂറ്റൻ മരശിഖരം റോഡിലേക്ക് പതിച്ചതിനാൽ ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു.നേന്ത്രവാഴ അടക്കം ഒടിഞ്ഞു വീണതിനെ തുടർന്ന് ലക്ഷങ്ങളുടെ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

(Photo: ശക്തമായ കാറ്റിൽ മേൽക്കൂര കാറ്റിൽ പറന്നുപോയ കുന്നത്തൂർ കിഴക്ക് കടയിലഴികത്ത് സുരേഷിന്റെ വീട്)

Advertisement