കുണ്ടറയില്‍ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ

കൊല്ലം: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഭര്‍ത്താവ് വിഷം കുത്തിവച്ചു കൊന്ന കേസില്‍ കോടതി നാളെ ശിക്ഷ വിധിക്കും. സംഭവത്തില്‍ ഭര്‍ത്താവായ മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ് (42) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊല്ലം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക.
2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലാണ് സംഭവം. ഭാര്യ വര്‍ഷ (26), മക്കളായ അലന്‍ (2), ആരവ് (3) എന്നിവരെ എഡ്വേഡ് വിഷം കുത്തിവച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന എഡ്വേഡ് അനസ്‌തേഷ്യയ്ക്കു മുന്‍പു മസില്‍ റിലാക്‌സേഷന് വേണ്ടി നല്‍കുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയും മക്കളെയും കൊന്നത്. തുടര്‍ന്ന് മുറിയില്‍ അബോധാവസ്ഥയില്‍ അഭിനയിച്ചു കിടന്ന എഡ്വേഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയില്‍ വ്യാജമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് പ്രതി കുറ്റ സമ്മതം നടത്തിയത്.
അന്ന് 5 വയസ്സുണ്ടായിരുന്ന മൂത്ത മകള്‍ക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. അവള്‍ സ്വയം ജീവിച്ചോളും അതുകൊണ്ടാണ് കൊല്ലാതിരുന്നതെന്നാണ് പ്രതി നല്‍കിയ മൊഴി. അന്ന് സംഭവം നേരില്‍ കണ്ട മൂത്ത മകളുടെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. 15 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ ജോലി ചെയ്തിരുന്ന പ്രതി സംഭവം നടക്കുമ്പോള്‍ കുണ്ടറയിലെ മെഡിക്കല്‍ സ്റ്റോറില്‍ ജീവനക്കാരനായിരുന്നു.
കടയുടെ ഉടമയുടെ ഭര്‍ത്താവായ റിട്ട. വെറ്ററിനറി സര്‍ജന്‍ മെഡിക്കല്‍ സ്റ്റോറിനോട് ചേര്‍ന്നു പെറ്റ് ഷോപ്പ് നടത്തുന്നുണ്ട്. ഇവിടെ നിന്നും മുയലിനെ ദയാവധം നടത്തുന്നതിനായി മെഡിക്കല്‍ സ്റ്റോറില്‍ നിന്നു മരുന്നു വാങ്ങിയിരുന്നു. ഇതില്‍ നിന്ന് ഡോക്ടര്‍ അറിയാതെ എഡ്വേഡ് കൈക്കലാക്കിയ മരുന്ന് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

Advertisement