മാവേലിക്കരയിൽ സ്ഥാനാർത്ഥിയെ തേടി സിപിഐ

ശാസ്താംകോട്ട (കൊല്ലം) . ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ ശക്തനായ സ്ഥാനാർത്ഥിയെ തേടി സിപിഐ.യുഡിഎഫ് സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് തന്നെ വീണ്ടും എത്തുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ നേരിടാൻ കരുത്തുള്ള സ്ഥാനാർത്ഥിയെ കളത്തിലിറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള അണിയറ നീക്കമാണ് സിപിഐ നടത്തുന്നത്.എന്നാൽ അതാര് എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.

സംവരണ സീറ്റായ മാവേലിക്കരയിൽ പല തവണ തങ്ങളുടെ പ്രബല മുഖങ്ങളെ പരീക്ഷിച്ചിട്ടും കൊടിക്കുന്നിലിന് മുന്നിൽ നിഷ്പ്രഭമായ ചരിത്രമാണ് സിപിഐക്ക് മുന്നിലുള്ളത്.കഴിഞ്ഞ തവണ അടൂർ എംഎൽഎയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിനെ തന്നെ കളത്തിലിറക്കിയെങ്കിലും റെക്കാഡ് ഭൂരിപക്ഷത്തിലാണ് കൊടിക്കുന്നിൽ ജയിച്ചു കയറിയത്.ഇക്കുറി അദ്ദേഹത്തിന്റേത് ഉൾപ്പെടെ നിരവധി പേരുകളാണ് ഉയർന്നു വരുന്നത്.എഐവൈഎഫ് നേതാവും കൃഷി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവുമായ സി.എ അരുൺ കുമാറിന്റെ പേരാണ് സ്ഥാനാർത്ഥി പട്ടികയിൽ മുന്നിലുള്ളതെന്നാണ് വിവരം.മാസങ്ങൾക്കു മുമ്പു തന്നെ നേതൃത്വത്തിന് മുനിൽ അരുണിന്റെ പേര് ഉയർന്നു വന്നിരുന്നു.എന്നാൽ അരുൺ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് മാവേലിക്കരയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും ഇത് തെരത്തെടുപ്പിൽ വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു.ഇതിനാൽ അരുൺ സ്ഥാനാർത്ഥി പട്ടികയിൽ പിന്നിലായിട്ടുണ്ട്.ഇതിനൊപ്പം മാവേലിക്കരയിൽ പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനും ആലോചനയുണ്ട്.അങ്ങനെയെങ്കിൽ വൈക്കം എംഎൽഎ സി.കെ ആശയ്ക്കാകും നറുക്ക് വീഴുക.

മുൻ മന്ത്രി പി.കെ രാഘവന്റെ മകനും കുന്നത്തൂർ മണ്ഡലത്തിലെ ഭരണിക്കാവ് സ്വദേശിയുമായ ആർ.എസ് അനിൽ മത്സരത്തിനില്ലെന്ന് മുൻകൂട്ടി തന്നെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെയും ചെങ്ങറ സുരേന്ദ്രന്റെയും പേരുകൾക്കാണ് പ്രാമുഖ്യം.കൊടിക്കുന്നിലിനെതിരെ നിരവധി തവണ മത്സരിച്ച് പരാജയപ്പെട്ട ചരിത്രമാണ് ചെങ്ങറയ്ക്കുള്ളത്.മണ്ഡലം പിടിച്ചെടുക്കാൻ കഴിഞ്ഞ തവണ രംഗത്തിറങ്ങിയ ചിറ്റയം ഏറ്റുവാങ്ങിയത് ദയനീയ പരാജയമായിരുന്നു.മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ മിക്കവാറും നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് ഭരണമാണ് ഉള്ളതെങ്കിലും പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കുന്നതാണ് രീതി.അതിനിടെ പാർട്ടിയിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും മാവേലിക്കരയിൽ യുഡിഎഫ് പ്രവർത്തകർ മുൻ കേന്ദ്ര മന്ത്രി കൂടിയായ കൊടിക്കുന്നിലിനു വേണ്ടി ചുവരെഴുത്തും പ്രചാരണവും ഊർജിതമാക്കിയിട്ടുണ്ട്.

Advertisement