ലോറി വീട്ടില്‍ ഇടിച്ചുകയറി: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു

കൊട്ടാരക്കര: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ കൊട്ടാരക്കര താമരശ്ശേരി വളവില്‍ ലോഡുമായെത്തിയ 16 വീലുള്ള ലോറി ഇടിച്ച് മതിലും വീടും തകര്‍ന്നു. ഉറങ്ങികിടന്ന വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച രാവിലെ 6-നാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര നാസറുദ്ദീന്‍ മന്‍സില്‍ സലീമിന്റെ വീട്ടിലേക്കാണ് ലോറി ഇടിച്ചു കയറി വലിയ നാശനഷ്ടം ഉണ്ടായത്.
രാവിലെ വലിയ ശബ്ദംകേട്ട് എണീറ്റ 60 വയസുകാരനായ സലീം കട്ടിലിന് മുകളിലേക്ക് വീടിന്റെ ഭിത്തി മറിഞ്ഞു വീണുകിടക്കുന്നതാണ് കാണുന്നത്. ഭാര്യയും മകളുമുള്‍പ്പെടെ നാലോളം പേരാണ് ആ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. അപകടത്തെത്തുടര്‍ന്ന് മതിലും വീടിന്റെ മൂന്ന് മുറികളും പൂര്‍ണമായും തകര്‍ന്നു.
മറ്റു ഭിത്തികള്‍ വിള്ളല്‍ വീണ നിലയിലാണ്. 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കുകൂട്ടല്‍. ഓയൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറി 50 ടണ്‍ വരുന്ന മെറ്റലുമായി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു. രണ്ടു മാസം മുന്‍പ് കെഎസ്ആര്‍ടിസി പാസ്റ്റ് പാസഞ്ചര്‍ ഇവിടെ കടയിലേക്കും വീട്ടിലേക്കും ഇടിച്ചു കയറിയിരുന്നു.

Advertisement