ആരോഗ്യവകുപ്പില്‍ പുനര്‍നിയമനം… മൗലികാവകാശങ്ങളുടെ ലംഘനം; മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ തൊഴില്‍ നൈപുണ്യമുള്ളവരും അല്ലാത്തവരുമായി നിരവധി തൊഴിലന്വേഷകര്‍ കാത്തിരിക്കുമ്പോള്‍ വിരമിച്ച ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കി ആരോഗ്യവകുപ്പില്‍ നിയമിക്കുന്നത് തൊഴിലന്വേഷികരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം ആരോപണത്തിന്മേല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മതിയായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും ഇവരെ മറികടന്ന് സര്‍വ്വീസില്‍ പുനര്‍നിയമനം നല്‍കുന്നുവെന്ന പരാതിയിലാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. കൊല്ലം ആശുപത്രിയില്‍ ഉള്‍പ്പെടെ ഇപ്പോഴും 2020ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവരെ താത്കാലികാടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കി വരികയാണെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

Advertisement