‘അമൃതവർഷം 70’ പരിസ്ഥിതി സൗഹൃദ സമ്മേളനമാക്കി മാറ്റണം, സിആർ മഹേഷ് എംഎൽഎ

Advertisement

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 70-ാം ജൻമദിനാഘോഷം പരിസ്ഥിതി സൗഹൃദസമ്മേളനമാക്കി മാറ്റാൻ എല്ലാവരും പരിശ്രമിക്കണമെന്ന് സി.ആർ മഹേഷ് എം.എൽ.എ പറഞ്ഞു. ഒക്ടോബർ 3 ന് നടക്കുന്ന ജൻമദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അമൃത വിശ്വവിദ്യാപീഠത്തിൽ ചേർന്ന പൗരസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗതക്രമീകരണം അടക്കമുള്ള കാര്യങ്ങളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെയും സഹകരണം ഉറപ്പാക്കുമെന്നും ക്രമീകരണങ്ങളുടെ കാര്യത്തിൽ മാതാ അമൃതാനന്ദമയിമഠം ലോകത്തിനു തന്നെ മാതൃകയാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങളെപ്പറ്റിയും പാർക്കിങ് ക്രമീകരണങ്ങൾ, മാലിന്യസംസ്‌കരണം തുടങ്ങിയവയെപ്പറ്റിയും യോഗം വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഷ അജയകുമാർ, ഷേർളി ശ്രീകുമാർ, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ, കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബു, ആലപ്പാട് സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എസ്.മധുകുമാർ, ഓച്ചിറ എസ്.ഐ എൽ നിയാസ്, അമൃതപുരി എസ്.ഐ സി.സി വിനയകുമാർ, മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻവയോൺമെന്റൽ എഞ്ചിനീയർ കെ.ആർ അനികർ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ആർ മഹേഷ്, ആരോഗ്യവകുപ്പിലെയും റവന്യൂവകുപ്പിലെയും ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികൾ, മാതാ അമൃതാനന്ദമയി മഠം പി.ആർ.ഒ ബ്രഹ്‌മചാരി ശ്രീവത്‌സൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement