മോഷണം നേര്‍ച്ചപോലെ, വിളക്കേ എടുക്കൂ ഈ ദമ്പതികള്‍

കുണ്ടറ . ഇളമ്പള്ളൂർ അമ്പിപ്പൊയ്കയിൽ അത്തിപ്പറമ്പിൽ ദുർഗ്ഗ ഭദ്രാദേവി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഉദ്ദേശം നാൽപതിനായിരം രൂപയുടെ വലുതും ചെറുതുമായ വിളക്കുകൾ മോഷണം പോയ കേസിൽ പ്രതികൾ അറസ്റ്റിൽ .

കണ്ണൂർ സ്വദേശിയായ സലിം ( 46 )സലീമിന്റെ ഭാര്യ ചിറയിൻകീഴ് വില്ലേജിൽ മുതലപ്പൊഴി ചേരിയിൽ പെരുമാതുറ എന്ന സ്ഥലത്ത് ഹസീന ( 43 )എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത് .

കണ്ണൂർ ജില്ലയിൽ നാരായണൻ മകൻ പ്രസാദ് എന്നയാൾ വിവാഹശേഷം സലിം എന്ന പേര് സ്വീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയമായ പരിശോധനയിലൂടെയും ആണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും . മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാടകയ്ക്ക് വീട് എടുത്ത് സമീപപ്രദേശങ്ങളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ദമ്പതികൾ ആയതിനാൽ മറ്റ് അയൽക്കാർക്ക് സംശയം തോന്നാത്തത് കൊണ്ടാണ് ഇവർ ഇത്തരത്തിൽ മോഷണം തുടർന്നത്.

കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിലവിൽ ഇവർ താമസിച്ചു വരുന്ന വാടക വീടിന് സമീപത്താണ് ഇവരുടെ മകൾ കുടുംബവുമായി താമസിക്കുന്നത്. മുൻപ് മകളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്തും പരിസരപ്രദേശങ്ങളിൽ മോഷണം നടത്തിയിരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്റ്റേഷനിലെ രണ്ടു മോഷണ കേസുകളിൽ പ്രതികളായി ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. അന്വേഷണവുമായി തീരെ സഹകരിക്കാത്ത ഇരുവരെയും ശാസ്ത്രീയമായ ചോദ്യം ചെയ്യലിലൂടെ മോഷണ മുതൽ വിറ്റ സ്ഥലത്തെപ്പറ്റിയും മറ്റും വിവരം ശേഖരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊല്ലം കൂനമ്പായികുളം ക്ഷേത്രത്തിനു സമീപം ആക്രി വ്യാപാരം നടത്തുന്ന കൊല്ലം കോർപ്പറേഷനിൽ വടക്കേവിളച്ചേരിയിൽ അഫ്സൽ മൻസിലില് മസ്ഹർ ( 52)എന്നയാളാണ് സ്ഥിരമായി ഇവരിൽ നിന്നും കുറഞ്ഞ നിരക്കിൽ മോഷണം മുതൽ കൈപ്പറ്റിയിരുന്നതെന്ന് വെളിവായിട്ടുള്ളതാണ്. മസ്ഹറിന്റെ ആക്രി സ്ഥാപനത്തിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തു. മോഷണ മുതലുകൾ കൈപ്പറ്റിയതിന് മസ്ഹറിനെ മൂന്നാം പ്രതിയാക്കി കേസിലേക്ക് അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തുടനീളമായി വിവിധ കേസുകളിൽ പ്രതികളാണ് ഇവര് എന്ന് സംശയിക്കുന്നു. കേസ് അന്വേഷണവുമായി കൃത്യമായി സഹകരിക്കാത്ത ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തി വിവരങ്ങൾ ശേഖരിക്കുമെന്ന് കുണ്ടറ പോലീസ് അറിയിച്ചു. സെക്യൂരിറ്റി ഗാർഡുകൾ ഇല്ലാത്ത ചെറിയ ക്ഷേത്രങ്ങളിലും മറ്റും കടന്നു കയറി വിളക്കുകൾ, കിണ്ടി, ഉരുളി എന്നിവ മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ശാസ്താംകോട്ട ഡിവൈഎസ്പി എസ് ഷെരീഫിന്റെ നിർദ്ദേശാനുസരണം കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ് ബി, അനീഷ് എ,
എ എസ് ഐ മാരായ സുധീന്ദ്ര ബാബു , ഡെൽഫിൻ സിപിഒ മാരായ മെൽവിൻ, സുനിലാൽ, ദിനീഷ്, അരുൺ രാജ്, വിശാഖ് എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ ഒരു ദിവസത്തിനകം കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതികളെ സ്ഥലത്തെത്തിച്ച് അന്വേഷണങ്ങൾ നടത്തി. മോഷണ മുതലുകൾ കൈപ്പറ്റുന്നതിന് ഉള്ള വകുപ്പുകൾ പ്രകാരമാണ് ആക്രി വ്യാപാരിയെ അറസ്റ്റ് ചെയ്തത്. മോഷണം മുതൽ കുറഞ്ഞ നിരക്കിൽ വാങ്ങി വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു

Advertisement