വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും , അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി

ശൂരനാട്.വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും സൂക്ഷിക്കുകയും അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കുന്നത്തൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവച്ചിറ പടിഞ്ഞാറ് പതാരം ജയന്തി കോളനിയിൽ രതീഷ് ഭവനത്തിൽ രതീഷ്(40) ആണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 28ന് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീടിന്റെ അടുക്കള മുറിയിൽ നിന്ന് ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ നിലയിൽ 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് വീടും പരിസരവും പരിശോധിച്ച എക്സൈസ് സംഘം ടിയാന്റെ അടുക്കള മുറ്റത്ത് നിന്നും ഏകദേശം ആറടിയിൽ കൂടുതൽ ഉയരമുള്ള കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ചിരുന്നത് കണ്ടെത്തുകയായിരുന്നു. എക്സൈസ് സംഘം അന്വേഷണത്തിന് എത്തിയപ്പോൾ തന്നെ ഇയാൾ വീടിനുള്ളിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടിരുന്നു. അതിനാൽ പ്രതിയെ തൽസമയം അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ടിപ്പർ ലോറി ഡ്രൈവറായിരുന്നു ഇയാൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നുവെങ്കിലും എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ യോട് കൂടി ഇയാളെ കുന്നത്തൂർ എക്സൈസ് സർക്കിൾ പാർട്ടി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഞ്ചാവ് ചെടി നട്ടുവളർത്തുന്നത് 10 വർഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

Advertisement