വഴികളെല്ലാം പോരുവഴിയിലേക്ക്, പെരുവിരുത്തി മലനടയിലെ പള്ളിപ്പാനയ്ക്ക് പതിനായിരങ്ങൾ

Advertisement

പോരുവഴി (കൊല്ലം). വ്യാഴവട്ടത്തിന്റെ കാത്തിരിപ്പിനൊടുവിലെത്തിയ പള്ളിപ്പാന മഹാകർമ്മത്തെ ഭക്തിയും ആഘോഷവും നിറഞ്ഞ മനസോടെ പോരുവഴി ഏറ്റെടുക്കുന്ന കാഴ്ചയാണ് പെരുവിരുത്തി മലനടയിൽ. കുന്നിൽ മുകളിലെ ക്ഷേത്രത്തിലേക്ക് പതിനായിരങ്ങളാണ് ദിവസവും എത്തുന്നത്. ദേശത്തിന്റെ അതിർ വരമ്പുകൾ കടന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പള്ളിപ്പാനയുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങാൻ മലനടയിലേക്ക് ജനമൊഴുകുകയാണ്.

പുലർച്ചെ തുടങ്ങി പള്ളിപ്പാനയുടെ ചടങ്ങുകൾ അവസാനിക്കുന്ന അടുത്ത ദിവസം പുലർച്ചെ വരെ കലവറയൊഴിയാതെ ഭക്ഷണ വിതരണം നടക്കുന്നുവെന്ന പ്രത്യേകതയും ഇവിടെയുണ്ട്. ആയിരങ്ങൾക്കാണ് ദിവസവും മലനടയിലെ അന്നദാന പന്തലിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.

കലവറ

വേറിട്ട ആചാര അനുഷ്ഠാനങ്ങളാൽ എല്ലാക്കാലത്തും പ്രത്യേകതയുള്ള മലനടയിൽ പള്ളിപ്പാനയുടെ ചടങ്ങുകളും പ്രത്യേകത നിറഞ്ഞതാണ്. എല്ലാ ദിവസവും രാവിലെ എട്ടിന് പാനയടി എന്ന പ്രത്യേക ചടങ്ങ് ക്ഷേത്രത്തിൽ നടക്കും. പറയോത്ത് ( ഓതി ഉഴിച്ചിൽ ), പഞ്ചകുണ്ഡഹോമം, അടവീശ്വരപൂജ എന്നിവയും പള്ളിപ്പാന ദിവസങ്ങളിൽ നടക്കും. ഇന്ന് രാത്രി 10ന് പള്ളിപ്പാനയുടെ ഭാഗമായി പാന പന്തലിൽ കിടങ്ങുബലി നടക്കും. നാളെ വൈകിട്ട് വേതാളപൂജ, എട്ടിന് പടയണി, 10ന് പഞ്ചഭൂതബലി എന്നിവ നടക്കും.

ക്ഷേത്രത്തിന്റെ ഏഴ് കരകളിലും പറയ്ക്കെഴുത്തള്ളിപ്പ് പൂർത്തീകരിച്ചാണ് പള്ളിപ്പാന ആരംഭിച്ചത്. എല്ലാ വീടുകളിലും മലനട അപ്പൂപ്പന്റെ പ്രതിപുരുഷനായ ക്ഷേത്ര ഊരാളി കറുപ്പ കച്ചയുടുത്ത് മലക്കുടയേന്തി നേരിട്ടെത്തിയാണ് പറയ്ക്കെഴുന്നിള്ളിപ്പിന്റെ ചടങ്ങുകൾ പൂർത്തീകരിച്ചത്. പള്ളിപ്പാനയുടെ ചടങ്ങുകൾ നടത്തുന്നതിനായി ക്ഷേത്രത്തിന് സമീപം കൂറ്റൻ പാന പന്തലാണ് സജ്ജമാക്കിയിട്ടുള്ളത്.

പള്ളിപ്പാനയ്ക്ക് പിന്നാലെ ദിവസങ്ങൾക്കകം മലക്കുട ഉത്സവത്തിന് ക്ഷേത്രത്തിൽ കൊടിയേറും. മീനമാസത്തിലെ ആദ്യ വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ മലക്കുട മഹോത്സവം നടക്കുക. പള്ളിമുറി, നടുവിലേമുറി, പനപ്പെട്ടി, കമ്പലടി, അമ്പലത്തുംഭാഗം, വടക്കേമുറി കരകൾക്ക് കൂറ്റൻ എടുപ്പുകുതിരകളും ഇടയ്ക്കാട് കരയ്ക്ക് കൂറ്റൻ എടുപ്പുകാളയുമാണ് മലക്കുട മഹോത്സവത്തിന്റെ പ്രത്യേകത. ചെറുതും വലുതുമായ നൂറ് കണക്കിന് നേർച്ച കെട്ടുകാളകൾക്കും കുതിരകളും അന്ന് കരക്കെട്ടുകൾക്കൊപ്പം വെൺകുളം ഏലയിലെ മുരവ് കണ്ടത്തിലെത്തും.

Advertisement