മദ്യപിച്ച് സ്വകാര്യ ബസോടിച്ച ഡ്രൈവർ കണ്ണനല്ലൂരില്‍ അറസ്റ്റിൽ

കൊട്ടിയം : മദ്യപിച്ച് നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ കണ്ണനല്ലുർ പോലീസ് പിടികൂടി കേസെടുത്തു. കൊല്ലം – കൊട്ടാരക്കര റൂട്ടിൽ സർവ്വീസ് നടത്തുന്ന വിഷ്ണുമായ ബസിൻ്റെ ഡ്രൈവർ കരീപ്ര പ്ലാക്കോടമംഗലത്ത് മേലതിൽ അഭിലാഷ് (42) ആണ് അറസ്റ്റിലായത്.നിറയെ യാത്രക്കാരുമായി അമിതവേഗതയിൽ പാഞ്ഞ ബസ് പലപ്പൊഴും നിയന്ത്രണം വിട്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരംകണ്ണനല്ലുർ പോലീസിൽ അറിയിയ്ക്കുന്നത്.

പോലീസ് സംഘം കുളപ്പാടം സൽമാ ആഡിറ്റോറിയത്തിനടുത്ത് വച്ച് ബസ് തടഞ്ഞ് പരിശോധിച്ചു. ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആൾക്കോ മീറ്റർ പരിശോധനയിലും വലിയ തോതിൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഇയാളുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻറ് ചെയ്യുന്നതടക്കമുള്ള മറ്റ് നിയമ നടപടികൾക്ക് മോട്ടോർ വെഹിക്കിൽ ഡിപ്പാർട്ട്മെമെൻ്റിന് റിപ്പോർട്ട് നൽകുമെന്ന് പോലീസ് ഇൻസ്പെക്ടർ വി.ജയകുമാർ പറഞ്ഞു.
 

Advertisement