കൊല്ലം പ്രാദേശിക ജാലകം

ഉയർന്ന അളവിൽ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസ് പിടിയിൽ.

കൊല്ലം. ചില്ലറ വിൽപ്പനയ്ക്കായി സുക്ഷിച്ചിരുന്ന ഉയർന്ന അളവിലുള്ള എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. പെരിനാട് ഞാറയ്ക്കൽ എരുമല താഴതിൽ ഐശ്വര്യാ ഭവനത്തിൽ നിന്ന് മയ്യനാട് താന്നി ജംഗ്ഷനു സമീപം കാട്ടിൽപുരയിടം വീട്ടിൽ വാടയ്ക്കു താമസിക്കുന്ന എബിൻചന്ദ് (33), മയ്യനാട് പുല്ലിച്ചിറ പുളിവെട്ടഴികത്ത് സണ്ണി (27) എന്നിവരാണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ കുറേ നാളുകളായി എം.ഡി.എം.എ യുമായി നിരവധി ചെറുപ്പക്കാർ സിറ്റി പോലീസിന്റെ പിടിയിലായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇരവിപുരം വില്ലേജിൽ താന്നി ജംഗ്ഷന് സമീപം കാട്ടിൽപുരയിടം വീട് കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമും ഇരവിപുരം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുമായി ഇവർ പിടിയിലായത്.

സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സിറ്റി ആന്റി നാർക്കോട്ടിക്ക് വിഭാഗവും പോലീസും ചേർന്ന് പരിശോധന നടത്തിയത്. പിടിയിലായവരിൽ നിന്നും ചില്ലറ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 23.85 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അരുൺഷാ, ജയേഷ്, സുനിൽ എഎസ്‌ഐ പ്രമോദ്, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ ജയകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി ജെറോം, സി.പി.ഓ മാരായ സജു, സീനു, മനു, രിപു, രതീഷ,് ലിനു എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

പി.ഡബ്ല്യൂ.ഡി പണികൾക്കായി സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച പ്രതികൾ പിടിയിൽ.

കൊല്ലം.പി.ഡബ്ല്യൂ.ഡി പണികൾക്കായി സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് മോഷ്ടിച്ച പ്രതികളെ കിളികൊല്ലൂർ പോലീസ് പിടികൂടി. മങ്ങാട്, ശാസ്താ നഗർ, ചിറ്റുവളളി പടിഞ്ഞാറ്റതിൽ നിസാർ(24), മങ്ങാട്, ചിറ്റുവള്ളി പടിഞ്ഞാറ്റതിൽ ശരത്ത് വിജയൻ(24) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്. പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ ആയ ജീവകുമാർ എന്ന വ്യക്തി പണികളുടെ ആവശ്യത്തിനായി വാടകക്ക് എടുത്ത് കണ്ടച്ചിറ സംഘം മുക്ക് എന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന മോട്ടോർ പമ്പ് ആണ് കഴിഞ്ഞ മാസം 27 ആം തീയതി മോഷണം പോയത്.

തുടർന്ന് കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് സി.സി.ടി.വി ദൃശ്യങ്ങളുടേയും മറ്റ് സാഹചര്യ തെളിവുകളുടേയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള ആളാണ് നിസാർ. കിളികൊല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ചാർജ് വഹിക്കുന്ന കൺട്രോൾ റും ഇൻസ്‌പെക്ടർ ജോസ് ന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സജിത്ത് സജീവ്, അനിൽകുമാർ, ജയൻ കെ സക്കറിയ, ഹരികുമാർ സി.പി.ഓ മാരായ സാജ്, രാജീവൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.

ലഹരി വിപത്തിനെതിരെ നാഷണൽ സർവ്വീസ് സ്കീം

കൊല്ലം : ലഹരി വിപത്തിനെതിരെ നാഷണൽ സർവ്വീസ് സ്കീം ഹയർ സെക്കന്ററി സ്കീം നടത്തി വരുന്ന പരിപാടിയുടെ ഭാഗമായി കൊല്ലം ക്ലസ്റ്ററിലെ 12 എൻ.എസ്.എസ്. യൂണിറ്റുകളും സമീപ യൂണിറ്റുകളും ചേർന്ന് ഫ്ളാഷ് മോബ്, നാട കം, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തി. എൻ.എസ്.എസ്. ദക്ഷിണമേഖല കൺവീനർ ബിനു.പി.ബി അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ കൊല്ലം ക്ലസ്റ്റർ കൺവീ നർ ക്രിസ്തുരാജ് എച്ച്.എസ്.എസ്.ലെ ഗ്ലാഡിസൺ.എൽ സ്വാഗതവും ആശംസിച്ചു. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നോട്ട് ടു ഡ്രഗ്സ് ക്യാപെയ്ൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ.കൊല്ലം മധു മുഖ്യപ്രഭാഷ ണവും എക്സൈസ് ഇൻസ്പെക്ടർ .രാജു വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതി ജ്ഞയും ചൊല്ലി കൊടുത്തു.

കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.എ.കെ.സവാദ്, ഹയർ സെന്ററി കൊല്ലം ജില്ലാ കോഡിനേറ്റർ പോൾ ആന്റണി, എ.ഇ.ഒ. ആന്റണി പീറ്റർ എന്നിവർ ആശംസ അർപ്പിച്ചു. സംസ്ഥാനതല ത്തിൽ ദക്ഷിണമേഖലയിലെ മികച്ച പി.എസ്.സി.യായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലം ക്ലസ്റ്റർ പി.എ.സി. ഗ്ലാഡിസൺ എൽ. കൊല്ലം ജില്ലയിലെ മികച്ച എൻ.എസ്.എസ്. വോളണ്ടിയർ ആയി തെരഞ്ഞെടുക്കപ്പെട്ട നീരാവിൽ എസ്.എൻ.ഡി.പി. വൈ.എച്ച്.എ സ്.എസിലെ കുമാരി സോനാ സുരേഷ് എന്നിവരെ മേയർ ചടങ്ങിൽ ആദരിച്ചു.

കൊല്ലം ക്ലസ്റ്ററിലെ വിവിധ എൻ.എസ്.എസ്.യൂണിറ്റുകളുടെ പ്രോഗ്രാം ഓഫീസർമാരായ സനൽകുമാർ.എസ്, ഡോ.ലിജി.സി, ഷാജൂ.എസ്, കലാജോർജ്ജ്, അനിൽ.കെ, ഡോ.കൃഷ്ണകുമാർ, . ധന്യ.കെ.വി, ഡോ.ജോഷ്വാ,എഫ്, മിനി.എസ്, ശശികല.കെ. ജോയീസ് രാജൻ, ബിനു.വി, എഡ്വേർഡ് ആന്റണി എന്നവരുടെ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ 13 സ്കൂളുകളിലെ നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയർമാർ തോളോട് തോൾ ചേർന്ന് അവതരിപ്പിച്ച് ഫ്ളാഷ് മോബും നാടകവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെന്റ്. അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ കലാ ജോർജ്ജ് കൃതജ്ഞത പ്രകാശിപ്പിച്ചു.

വാതുക്കൽ ഞാലി കുഞ്ഞിന് സമൂഹ പാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങളായി

വാതുക്കൽ ഞാലി കുഞ്ഞിന് സമൂഹ പാൽ പൊങ്കാലയ്ക്ക് ഒരുക്കങ്ങളായി
കൊട്ടാരക്കര. വെട്ടിക്കവല മഹാക്ഷേത്രങ്ങളിലെ വാതുക്കൽ ഞാലിക്കുഞ്ഞിൻ്റെ സമൂഹപാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. സമൂഹ പാൽ പൊങ്കാല 2022 നവംബർ 15, ചൊവ്വാഴ്ച്ച നടക്കും. പൊങ്കാലയുടെ ഭണ്ഡാര അടുപ്പ് ക്രമീകരണം മേലൂട്ട് ക്ഷേത്രം മേൽശാന്തി അഭിനന്ദ് ശങ്കർ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.


തുടർന്ന് പൊങ്കാല അടുപ്പുകൾ ക്രമീകരിക്കുന്ന ജോലികൾ ഉപദേശക സമിതിയുടെ നേതൃത്യത്തിൽ വിവിധ പ്രദേശങ്ങളിൽ ആരംഭിച്ചു. പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തജനങ്ങളുടെ കൂപ്പൺ രജിസ്ട്രേഷൻ നാലായിരം കഴിഞ്ഞു.വിവിധ പ്രദേശങ്ങളിൽ നിന്നും പൊങ്കാലയിൽ പങ്കെടുക്കുവാൻ എത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന തിരക്കിലാണ് ഉപദേശക സമിതിയും നാട്ടുകാരും.

ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌

 യുവ എഞ്ചിനിയർ മരിച്ചു

കരുനാഗപ്പള്ളി . ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവ എഞ്ചിനിയർ മരിച്ചു.തഴവ തെക്കുംമുറി പടിഞ്ഞാറ് തട്ടക്കാട്ടു വീട്ടിൽ   അശോകൻ്റെയും  ജലജയുടേയും മകൻ അജയ് (27) ആണ്   ഞായറാഴ്ച പുലർച്ചെ 2.45 – ന് ദേശീയപാതയിൽ  ഓച്ചിറ കല്ലൂർമുക്കിന്

സമീപത്തുവെച്ച് നടന്ന അപകടത്തിൽ മരണമടഞ്ഞത്. ബൈക്കിൽ  വടക്കുനിന്നും തെക്കോട്ടുവന്ന അജയ് സഞ്ചരിച്ച ബൈക്കും എതിരെ തടിയും കയറ്റിവന്ന ലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു.     തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ എഞ്ചിനിയറാണ്. ഏക സഹോദരി അശ്വതി.മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.  ഓച്ചിറ പോലീസ് കേസെടുത്തു.

മണ്ഡലകാലം ചാകരയാക്കാൻ സർക്കാർ ശ്രമിക്കുന്നു
ഓച്ചിറ : മണ്ഡലകാലത്തെ ചാകരക്കാലമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ ടി യു) സംസ്ഥാന പ്രസിഡണ്ട് പി എസ് ഗോപകുമാർ പറഞ്ഞു.
മണ്ഡലകാലത്ത് സ്പെഷ്യൽ സർവീസുകൾക്ക് തീർത്ഥാടകരിൽനിന്ന് അധിക ചാർജ്ജ് ഈടാക്കാനുള്ള കെ എസ് ആർ ടി സി യുടെ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി ഓച്ചിറ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി ലക്ഷോപലക്ഷം ഭക്തരാണ് കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്കെത്തുന്നത്.
ഇവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ട്.
എന്നാൽ ആ കടമ മറന്ന് എങ്ങനെ ഭക്തരെ ചൂഷണം ചെയ്ത് പണമുണ്ടാക്കാമെന്ന ചിന്തയാണ് പല വകുപ്പുകൾക്കുമുള്ളത്.
പോലീസ് – ആരോഗ്യം തുടങ്ങി സർക്കാർ വകുപ്പുകൾ അവരുടെ സേവനത്തിന് ഭക്തരുടെ പണം കണക്ക് പറഞ്ഞാണ് വാങ്ങുന്നത്.
അതിന് പിറകേയാണ് ഇരുട്ടടി പോലെ അധിക ചാർജ്ജ് ഈടാക്കി ഭക്തരെ കൊള്ളയടിക്കാനുള്ള കെ എസ് ആർ ടി സി യുടെ തീരുമാനമെന്നും പി എസ് ഗോപകുമാർ കുറ്റപ്പെടുത്തി.

ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി താലൂക്ക് പ്രസിഡണ്ട് പ്രസന്നൻ അധ്യക്ഷനായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം ഗ്രാമജില്ലാ കാര്യവാഹ് ആർ രാജേഷ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി ഓച്ചിറ രവികുമാർ , ബി ജെ പി ഓച്ചിറ മണ്ഡലം ജനറൽ സെക്രട്ടറി മധു ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പ്രദീപ് ശങ്കർ , ജനറൽ സെക്രട്ടറി റ്റി. വിജയൻ എന്നിവർ സംസാരിച്ചു.
ഹിന്ദു ഐക്യവേദി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഷാനവാസ് പണിക്കർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പ്രദീപ് നന്ദിയും പറഞ്ഞു.

സഹകരണ യൂണിയന്‍സഹകരണ വാരാഘോഷം

ശാസ്താംകോട്ട.സര്‍ക്കിള്‍ സഹകരണ യൂണിയന്‍സഹകരണ വാരാഘോഷം താലൂക്ക് തല ഉദ്ഘാടനം 18ന് രാവിലെ ഒന്‍പതുമുതല്‍ ജെമിനി ഹൈറ്റ്‌സില്‍ നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും കോവൂര്‍ കുഞ്ഞുമോന്‍എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം കെ രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും

Advertisement