ഹാമർ തലയിൽ വീണ് പരിക്കേറ്റ വീട്ടമ്മയുടെ നില അതീവ ഗുരുതരം;അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം

ശാസ്താംകോട്ട : കായികമേളയിൽ പങ്കെടുത്ത മകനെ കൂട്ടിക്കൊണ്ട് പോകാനെത്തിയ മാതാവിന് ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധികൃതർ നിസ്സംഗത കാട്ടുന്നതായി കുടുംബം.ചവറ ഉപജില്ലാ സ്കൂൾ കായികമേള ശാസ്താംകോട്ട ഡി.ബി കോളേജ് മൈതാനത്ത് നടക്കവേ ഞായറാഴ്ച വൈകിട്ടാണ് വേങ്ങ ഐസിഎസ് പുതുമംഗലത്ത് വീട്ടിൽ
മാജിദ(42) യുടെ തലയിൽ ഹാമർ വീണത്.മത്സരാർത്ഥി ഹാമർ എറിയവേ അപ്രതീക്ഷിതമായി മാജിദയുടെ തലയിൽ പതിക്കുകയായിരുന്നു.

ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.72 മണിക്കൂറിന് ശേഷം മാത്രമേ ആരോഗ്യനിലയെ കുറിച്ച് പ്രതികരിക്കാൻ കഴിയുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അതിനിടെ ഇന്ന് (തിങ്കൾ ) കൈകൾ അനക്കുകയും കണ്ണുകൾ തുറക്കുകയും ചെയ്തെങ്കിലും ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.അപകട ദിവസം ആശുപത്രിയിലെത്തിക്കാൻ ഒപ്പം നിന്ന അധികൃതർ ചികിൽസാ ചിലവ് സംബന്ധിച്ച് വ്യക്തമായ ഉറപ്പു നൽകിയിട്ടില്ല.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മാജിതയെ എത്തിക്കുന്നതിനു മുമ്പ് വിദ്യാഭ്യാസ മന്ത്രി ആശുപത്രി അധികൃതരെ ബന്ധപ്പെട്ട് വിവരം അറിയിച്ചിരുന്നതായി പറയപ്പെടുന്നു.എന്നാൽ ചികിത്സാ ചെലവ് അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകാത്തത് നിർധനകുടുംബത്തിന് ഇരുട്ടടിയായി മാറിയിരിക്കയാണ്.

ചവറ മേഖലയിൽ സൗകര്യമില്ലാത്തതിനാലാണ് ശാസ്താംകോട്ടയിൽ കായികമേള നടത്തിയതെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കായികമേള നടത്തിയതെന്ന് പരാതിയുണ്ട്.മേളയിൽ പങ്കെടുത്ത ഒരു കുട്ടിക്ക് പരിക്കേറ്റപ്പോൾ പ്രഥമ ശുശ്രൂഷ പോലും നൽകാനുള്ള സംവിധാനം ഇല്ലായിരുന്നുവത്രേ. രക്ഷിതാവിനോട് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് അധികൃതർ കൈമലർത്തിയതായും പറയപ്പെടുന്നു. പങ്കെടുത്ത കുട്ടികള്‍ക്ക് ശുചിമുറി സൗകര്യം ഒരുക്കിയിരുന്നില്ല. ഇത് വലിയ പ്രതിസന്ധിയായി.

Advertisement