ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 300 വർഷത്തോളം പഴക്കമുള്ള വിശ്വക്‌സേന വിഗ്രഹം പുനരുദ്ധരിക്കുന്നു

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 300 വർഷത്തോളം പഴക്കമുള്ള വിശ്വക്‌സേന വിഗ്രഹം പുനരുദ്ധരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ദേവപ്രശ്‌ന വിധിപ്രകാരം ശയന ബിംബത്തിന്റെയും ഉപദേവതാ ബിംബങ്ങളുടെയും ന്യൂനതകൾ പരിഹരിക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിഗ്രഹത്തിന്റെ കേടുപാടുകൾ തീർക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരമാണ് വിഗ്രഹം പുതുക്കിപ്പണിയുന്നത്. ഒറ്റക്കൽ മണ്ഡപത്തിന് താഴെ ശ്രീപദ്മനാഭന്റെ പാദഭാഗത്താണ് വിശ്വക്‌സേനന്റെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത്. വിഷ്ണുവിന്റെ അംശമായ വിശ്വക്‌സേനൻ കൈയിൽ ശംഖുചക്രം, ദണ്ഡ്, വരമുദ്ര എന്നിവയോടെ താമരയിൽ ഇരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. ശ്രീപദ്മനാഭന്റെ വിഗ്രഹത്തിന് സമാനമായി കടുശർക്കര യോഗത്തിലാണ് വിശ്വക്‌സേന വിഗ്രഹവും നിർമ്മിച്ചിട്ടുള്ളത്. വിഷ്ണുവിന് സമർപ്പിക്കുന്ന എല്ലാ വസ്തുക്കളും വിശ്വക്‌സേനനെ കാണിക്കണമെന്ന വിശ്വാസമുണ്ട്. ക്ഷേത്രത്തിന്റെ നിത്യനിദാന കണക്കുകൾ ബോധിപ്പിക്കുന്നത് വിശ്വക്‌സേനന് മുന്നിലാണ്.

ദാരുപരിഗ്രഹം തുടങ്ങിയ ചടങ്ങുകൾക്ക് ആവശ്യമായ കരിങ്ങാലിത്തടിയും ദ്രവ്യങ്ങളും ശിവഗംഗയിലെ തൃക്കോഷ്ടിയൂർ എന്ന സ്ഥലത്തു നിന്ന് 21ന് രാത്രി കരമന ശിവക്ഷേത്രത്തിന് സമീപം എത്തിക്കും. 22ന് രാവിലെ എട്ടിന് അലങ്കരിച്ച വാഹനത്തിൽ ഇവ ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് എഴുന്നള്ളിക്കും. ഭരണസമിതിയും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി ശീവേലിപ്പുരയിൽ പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തിക്കും. തുടർന്ന് എട്ടരയോഗം സ്ഥാനികൾക്ക് ഇവ കൈമാറും. വിഗ്രഹത്തിന്റെ പണികൾ ചെയ്യുന്ന തൃക്കോഷ്ടിയൂർ മാധവനെന്ന ശില്പിക്ക് നിർമ്മാണം നടത്തുന്ന ഗണപതിഹോമപ്പുരയിൽ സ്ഥാനികൾ ഇവ എത്തിക്കുന്ന ചടങ്ങും നടക്കും.

Advertisement