കുസാറ്റിൽ ഭക്ഷ്യവിഷബാധ; അറുപതോളം വിദ്യാർഥികൾ ആശുപത്രിയിൽ; ക്യാമ്പസ് അടച്ചു

കൊച്ചി: ഭക്ഷ്യവിഷബാധയെ തുടർന്ന് കളമശേരി കുസാറ്റ് ക്യാമ്പസ് അടച്ചു. പനിയും ഛർദിയും ബാധിച്ച്‌ അറുപതോളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളെ തുടർന്നാണ് ക്യാമ്പസ് അടച്ചിടാൻ സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയത്.

മൂന്ന് ദിവസം നീണ്ട കുസാറ്റ് യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സമാപിച്ചതിന് പിന്നാലെയാണ് വിദ്യാർഥികളിൽ ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി അറുപതോളം വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. സർവകലാശാല പരീക്ഷകൾ കൂടി നടക്കുന്നതിനാൽ രോഗലക്ഷണങ്ങളുള്ള പലരും ഹോസ്റ്റലുകളിൽ തന്നെ കഴിയുകയായിരുന്നു.

ഹോസ്റ്റലുകളിലും ക്യാമ്പസിലെ ഫുഡ് കോർട്ടിലുമെല്ലാം ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും പരിശോധന നടത്തി. യൂണിവേഴ്സിറ്റി ഫെസ്റ്റിനിടെയായിരിക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതെന്നാണ് അനുമാനം. ക്യാമ്പസിന് പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും, വീടുകളിൽ നിന്നെത്തുന്ന വിദ്യാർഥികൾക്കുമടക്കം രോഗലക്ഷണങ്ങളുണ്ട്.

ക്യാമ്പസിൽ പരിശോധന നടത്തിയ ജില്ലാ ആരോഗ്യവിഭാഗം മൂന്നിടത്തായി മെഡിക്കൽ ക്യാമ്പും നടത്തി. ഈ മാസം 31വരെയാണ് ക്യാമ്പസ് അടച്ചിടുക. ക്ലാസുകൾ ഓൺലൈനായി തുടരും. അവസാന വർഷ പരീക്ഷകളൊഴികെയുള്ള പരീക്ഷകളെല്ലാം മാറ്റിവെച്ചു.

Advertisement