ടെക്‌നോപാർക്കിൽ പുതിയ ഓഫീസ് തുറന്ന് കെന്നഡിസ് ഐ.ക്യു

തിരുവനന്തപുരം: ലോ ടെക്, ഇൻഷുർ ടെക് രംഗത്തെ നവീന സാധ്യതകൾ തുറന്ന് കെന്നഡിസ് ഐ.ക്യു ടെക്‌നോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ചു.

ഒൻപത് അംഗ ടീമായി ഏതാനും വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാർക്കിലെ ഗായത്രി ബിൽഡിങ്ങിലെ പുതിയ ഓഫീസിൽ തുടക്കമിടുന്നത്. കെന്നഡിസ് ഗ്ലോബൽ ഹെഡ് ഓഫ് ലയബലിറ്റി ആൻഡ് ഇന്നവേഷൻ റിച്ചാർഡ് വെസ്റ്റ്, പ്രൊഡക്‌ട് ആൻഡ് ഇന്നവേഷൻ ഡയറക്ടർ കെരീം ഡെറിക്, ഹെഡ് ഓഫ് എൻജിനിയറിങ് ബിൽ മക്ലാഗ്വിൻ, സി.ഇ.ഒ ടോണി ജോസഫ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കേരള സ്റ്റേറ്റ് ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ്, ടെക്നോപാർക്ക് ഐ ആൻഡ് ആർ അഡ്മിനിസ്‌ട്രേഷൻ മാനേജർ അഭിലാഷ് ഡി.എസ്, എസ്.ടി.പി.ഐ ഡയറക്ടർ ഗണേഷ് നായിക്, ജിടെക് പ്രതിനിധികൾ, ടെക്‌നോപാർക്കിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കൊഗ്നിറ്റീവ് കംപ്യൂട്ടിങ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ടോണി ജോസഫ്, ജയകുമാർ ആർ, രഞ്ജു വി.എം എന്നിവർ ചേർന്ന ആരംഭിച്ച കമ്പനി കെന്നഡിസ് എന്ന യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ലോ ഫേം ഏറ്റെടുത്തതോടെയാണ് കന്നഡീസ് ഐ.ക്യു എന്ന പേരിൽ ഇതേ കമ്പനിയുടെ സാങ്കേതിക വിഭാഗമായി പ്രവർത്തനം ആരംഭിക്കുന്നത്.

ഇൻഷ്വർ ടെക്, ലോ ടെക് മേഖലകളിലെ നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ ഈ പുതിയ സൗകര്യം കമ്പനിക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് കമ്പനി സി.ഇ.ഒ ടോണി ജോസഫ് പറഞ്ഞു. കമ്പനിയുടെ വളർച്ചയ്ക്ക് ടെക്‌നോപാർക്ക് നൽകുന്ന പിന്തുണയും സഹായവും വിലമതിയ്ക്കാനാവാത്തതാണ്. കൊവിഡ് സാഹചര്യത്തിൽ പോലും കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് ടെക്‌നോപാർക്ക് നൽകിയ പിന്തുണ വളരെ വലുതായിരുന്നെന്നും ഇനിയും മുന്നോട്ടുള്ള യാത്രയിൽ ഇതേ പിന്തുണ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement