ഏജീസ് ഓഫീസ് സമരത്തില്‍ പങ്കെടുത്തവരെയും അനുഭാവം പറഞ്ഞവരെയും പിരിച്ചുവിട്ടതിന് അരനൂറ്റാണ്ട്, ജോലി തെറിച്ച ആള്‍ പിന്നീട് ലക്ഷങ്ങള്‍ക്ക് ജോലി നല്‍കുന്ന ഭരണഘടനാ സ്ഥാപനത്തിന്‍റെ ചെയര്‍മാനായ കഥ


കൊല്ലം. ജോലി യുവാക്കളുടെ സ്വപ്നമായിരുന്ന കാലത്ത് ഏജീസ് ഓഫീസ് സമരത്തിന്‍റെ പേരില്‍ 34പേരെ പിരിച്ചുവിട്ട സംഭവത്തിന് ഇന്ന് അരനൂറ്റാണ്ട്. ഇപ്പോള്‍ ഭരണകൂടത്തിന്‍റെ ഫാസിസ്റ്റ് മനോഭാവത്തെ നേരിടാനുള്ള കരുത്ത് ജീവനക്കാരുടെ സംഘടനകള്‍ ആര്‍ജ്ജിച്ചു കഴിഞ്ഞുവെന്നതും സമരങ്ങളുടെ വിജയ ചരിത്രം.

സമരകാലത്ത് എന്‍ബി ത്രിവിക്രമന്‍പിള്ളയും സംഘവും

‘ഫാസിസ്‌റ്റ്‌ മനോഭാവത്തിനും അടിച്ചമർത്തലിനുമെതിരായ സമരത്തിൽ ഏജീസ് ഓഫീസിലെ മധ്യവർഗ ജീവനക്കാർ കൂട്ടത്തോടെ സംഘടിച്ചത്‌ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും പ്രകോപിപ്പിച്ചു. ഇത്‌ സമരമുഖത്ത്‌ ജ്വലിച്ചുനിന്ന ഏജീസ് ഓഫീസ് എൻജിഒ അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ ബി ത്രിവിക്രമൻ പിള്ളയെയും സഹപ്രവർത്തകൻ ആയിരുന്ന പി പി തോമസിനെയും കാരണം കാണിക്കൽ നോട്ടീസ്‌പോലും നൽകാതെ 1972 ൽ ഇന്ത്യൻ പ്രസിഡന്റ്‌ പിരിച്ചുവിടുന്നതിൽ എത്തി. ഇതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ 1973 ൽ ഞാനുൾപ്പെടെ 32 പേരെയും പിരിച്ചുവിട്ടു’–- തിരുവനന്തപുരം ഏജീസ്‌ ഓഫീസിൽ നിന്നും പിരിച്ചുവിട്ടവരിൽ ഇന്ന്‌ ജീവിച്ചിരിക്കുന്നവരിൽ ഒരാളും മുൻ പിഎസ്‌സി ചെയർമാനുമായ എം ഗംഗാധരക്കുറുപ്പ്‌ ഐതിഹാസികമായ സമരനാളുകളെ ഓർത്തെടുത്തു.

എം ഗംഗാധരക്കുറുപ്പ്

പിരിച്ചുവിടലിന്റെ അമ്പത്‌ വർഷം വെള്ളിയാഴ്‌ച പിന്നിടുകയാണ്‌. ദേശീയസുരക്ഷക്ക്‌ ഭീഷണിയെന്ന്‌ പറഞ്ഞ്‌ എൻ ബി ത്രിവിക്രമൻ പിള്ളയെയും പി ടി തോമസിനേയും 1972 ഏപ്രിൽ 22 ന് ഇൻഡ്യൻ പ്രസിഡന്റ് വി വി ഗിരി പിരിച്ചുവിട്ടത്‌ ഭരണഘടനയുടെ ആർട്ടിക്കിൾ 311(2)(c) പ്രകാരം ആണ്‌. മികച്ച പ്രഭാഷകനും സംഘാടകനും അസാധാരണ വൈഭവവുമുള്ള നേതാവ്‌ ആയിരുന്നു ത്രിവിക്രമൻപിള്ള.

എൻ ബി ത്രിവിക്രമന്‍പിള്ള

സമരമുഖങ്ങളിൽ ഇന്നും കേൾക്കുന്ന പല മുദ്രാവാക്യങ്ങളും അദ്ദേഹത്തിന്റേതാണ്‌. നേതാക്കളെ അന്യായമായി പിരിച്ചുവിട്ടതിനെതിരെ നടന്നത്‌ നീണ്ടുനിന്ന സമരമാണ്‌. കൂടാതെ ആവശ്യാധിഷ്‌ടിത മിനിമം വേതനം എന്ന ആവശ്യമുന്നയിച്ച്‌ രാജ്യത്ത്‌ തൊഴിൽ മേഖലയിലും സമരം ശക്‌തമായിരുന്നു. അതുകൊണ്ടുതന്നെ ഏജീസ്‌ ഓഫീസ്‌ ജീവനക്കാരുടെ സമരത്തെ കേന്ദ്ര സർക്കാർ ശക്‌തമായാണ്‌ നേരിട്ടത്‌. ഇതേത്തുടർന്നാണ്‌ പ്രസിദ്ധ എഴുത്തുകാരനായ എം സുകുമാരൻ, എം ഗംഗാധരക്കുറുപ്പ്‌ ഉൾപ്പെടെ 32 പേരെ കൂടി സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്‌.

നിരവധി പേരെ മറ്റുപല ശിക്ഷാനടപടികൾക്കും വിധേയരാക്കി. രാജ്യത്തെ അടിയന്തരാവസ്ഥയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു ഇന്ദിരാഗാന്ധി. പിന്നീട്‌ 1977 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മൊറാര്ജി‍ദേശായി സർക്കാർ ഗംഗാധരക്കുറുപ്പ്‌ ഉൾപ്പെടെ ആറ്‌ പേരൊഴികെ മറ്റുള്ളവരെ സർവീസിൽ തിരിച്ചെടുക്കാൻ നടപടിസ്വീകരിച്ചു. സമരസഖാവായ എം ഗംഗാധരക്കുറുപ്പ് പിന്നീട് ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന പിഎസ് സിയുടെ തലപ്പത്തേക്ക് വന്നതും കാലത്തിന്‍റെ കാവ്യനീതി,.

ജീവിച്ചിരിക്കുന്ന സമരസഖാക്കളായ പി ടി തോമസ്, എം ഗംഗാധരക്കുറുപ്പ്, അഡ്വ. കെ ടി തോമസ്, ജോർജ് വർഗ്ഗീസ് കോട്ടപ്പുറത്ത് എന്നിവരെ വെള്ളിയാഴ്‌ച രാവിലെ 10 ന്‌ തിരുവനന്തപുരം പ്രസ്‌ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. നിയമസഭാ സ്പീക്കർ എം ബി രാജേഷ് ചടങ്ങ്‌ ഉദ്ഘാടനം ചെയ്യും. ഓഡിറ്റ് ആന്റ്‌ അക്കൗണ്ട്സ് അസോസിയേഷൻ, ഓഡിറ്റ് ആന്റ്‌ അക്കൗണ്ട്സ് പെൻഷനേഴ്സ് അസോസിയേഷൻ, കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ, എൻ ബി ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഫോർ ആർട്സ് ആന്റ്‌ ലിറ്ററേച്ചർ ഓച്ചിറ എന്നീ സംഘടനകൾ സംയുക്തമായാണ്‌ കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്‌.

Advertisement