സംഘടനകൾ/സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: അനാരോഗ്യം ബാധിച്ച്‌ നിരാശ്രയരായി തെരുവുകളിൽ അലഞ്ഞു തിരിയുന്നവരും രോഗം ഭേദമായതിനു ശേഷവും ആരും സ്വീകരിക്കുവാനില്ലാതെ ആശുപത്രികളിൽ കഴിയുവാൻ നിർബന്ധിതരായവരുമായ നിരാലംബരെ ഏറ്റെടുത്തു അവർക്ക് എല്ലാവിധ സംരക്ഷണവും നൽകുവാൻ തയ്യാറുള്ള സന്നദ്ധ സംഘടനകൾ/സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ഗ്രാന്റ് നൽകും. ഒരു രജിസ്‌ട്രേഡ് സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള സ്ഥാപനമായിരിക്കണം.

ആശുപത്രി അധികൃതരോ പൊലീസ് അധികാരികളോ, ജില്ലാ സാമൂഹ്യനീതി ഓഫീസറോ ഏൽപ്പിക്കുന്നവരെ ഏറ്റെടുത്ത് അവർക്ക് വേണ്ട സംരക്ഷണവും ആരോഗ്യ ശുശ്രൂഷയും മറ്റു സേവനങ്ങളും മെച്ചപ്പെട്ട രീതിയിൽ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.

ഇങ്ങനെ ഏൽപ്പിക്കുന്നവരെയും രോഗം ഭേദമായത്തിനു ശേഷം ബന്ധുക്കളാരും സ്വീകരിക്കാത്തവർക്കും മാത്രമേ ഗ്രാന്റിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 1500/ രൂപ നിരക്കിൽ പ്രതിമാസം ഗ്രാന്റ് നൽകും.

സ്ഥാപനം മെച്ചപ്പെട്ട രീതിയിൽ നടത്തിക്കൊണ്ടു പോകുവാൻ അപേക്ഷ സമർപ്പിക്കുന്ന സംഘടനയ്ക്ക് സാമ്പത്തികം ഉണ്ടായിരിക്കണം. സ്ഥാപനത്തിൽ അന്തേവാസികളെ പാർപ്പിക്കുവാൻ സൗകര്യപ്രദവും സുരക്ഷിതവുമായ കെട്ടിടം ഉണ്ടായിരിക്കണം. കൂടാതെ നിയമ പ്രകാരം രൂപീകരിക്കപ്പെട്ട ഭരണസമിതി ഉണ്ടായിരിക്കണം.

ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ വേണ്ടി ലാഭേച്ഛയോടെ നടത്തുന്ന സ്ഥാപനം ആകരുത്. സ്ഥാപനങ്ങൾ തെരുവുകളിൽ അലഞ്ഞു തിരിയുന്നവരെയും നിരാലംബരായവരെയും സംരക്ഷിക്കാൻ തയ്യാറുള്ളവരായിരിക്കണം. ഇപ്രകാരം ഏൽപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങൾ നടത്തണം.

ബന്ധുക്കളെ കണ്ടെത്തിയാൽ രണ്ടു കൂട്ടർക്കും ശരിയായ കൗൺസിലിംഗ് നൽകേണ്ടതും, കൗൺസിലിങ്ങിലൂടെ ഇവരുടെ മനോഭാവത്തിൽ മാറ്റം വരുത്തി സ്ഥാപനത്തിൽ കഴിയുന്നവരെ ബന്ധുക്കളെ ഏൽപ്പിച്ച്‌ വിടുന്നതിനുള്ള ചുമതലകളും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഉണ്ടായിരിക്കും.

ഒരു ക്ഷേമ സ്ഥാപനത്തിലെ താമസക്കാർക്ക് ഓർഫനേജ് കൺട്രോൾ ബോർഡ് നിഷ്‌കർഷിക്കുന്ന എല്ലാ ഭൗതിക സാഹചര്യങ്ങളും അപേക്ഷിക്കുന്ന സ്ഥാപനത്തിൽ ഉണ്ടായിരിക്കണം.

താല്പര്യമുള്ള സ്ഥാപനങ്ങൾ താഴെപ്പറയുന്ന രേഖകൾ സഹിതം വിശദമായ അപേക്ഷ ഇടുക്കി ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം.

  1. ഓർഫനേജ് കൺട്രോൾ ബോർഡ് നൽകിയ അംഗീകാര സർട്ടിഫിക്കറ്റിന്റെ പകർപ്പ്
  2. സംഘടന, അസോസിയേഷൻ, ബൈലോ എന്നിവയുടെ പകർപ്പ്
  3. കഴിഞ്ഞ രണ്ടു വർഷത്തെ ഓഡിറ്റഡ് സ്റ്റേറ്റ്‌മെന്റ് ഓഫ് അക്കൗണ്ട്‌സ്
  4. നിലവിലുള്ള ഭരണ സമിതി അംഗങ്ങളുടെ പേരും വിലാസവും തെരഞ്ഞെടുക്കപ്പെട്ട
    തീയതിയും
  5. വാടകക്കെട്ടിടം ആണെങ്കിൽ ഇത് സംബന്ധിച്ച്‌ കെട്ടിട ഉടമയുമായി ഉണ്ടാക്കിയ
    എഗ്രിമെന്റ്
  6. കെട്ടിടത്തിന് വിസ്തൃതി തെളിയിക്കുന്നതിന് പിഡബ്ല്യുഡി എൻജിനീയർ നൽകിയ സർട്ടിഫിക്കറ്റ്
  7. ആരോഗ്യവകുപ്പിലെ മെഡിക്കൽ ഓഫീസർ നൽകിയ സ്ഥാപനത്തിലെ ശുചിത്വ സർട്ടിഫിക്കറ്റ്
  8. ജീവനക്കാരുടെ ലിസ്റ്റ്

അപേക്ഷകൾ 2022, മെയ് അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസർ, ജില്ലാ സാമൂഹ്യനീതി ഓഫീസ്, ഇടുക്കി മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ (മൂന്നാം നില). തൊടുപുഴ പി ഒ, പിൻ- 685584 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0486-2228163.

Advertisement