കേരളത്തിൽ മാർച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ മാർച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്തു മണി വരെ ഇടിമിന്നൽ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഇടിമിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നൽ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച്‌ ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം.

Advertisement