അങ്കണവാടികളെല്ലാം ഇനി ‘ഹരിതാഭം’

കൊല്ലം: കുഞ്ഞുമനസ്സുകളിൽ ഐക്യബോധവും ഒത്തൊരുമയും സൃഷ്ടിക്കുന്നതിനായി എല്ലാ അങ്കണവാടികൾക്കും ഒരേ നിറം നൽകി അലയമൺ ഗ്രാമപഞ്ചായത്ത്.

22 അങ്കണവാടികൾക്കും പച്ച ചായമടിച്ച്‌ ആകർഷമാക്കി. പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന പച്ച നിറം കുട്ടികൾക്ക് ഇഷ്ടമാകും എന്ന വിലയിരുത്തലിലാണ് ഈ പുതുമയുള്ള മാറ്റം.

ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി അങ്കണവാടികളുടെ അകത്തും പുറത്തും കാർട്ടൂൺ കഥാപാത്രങ്ങൾ ചുവർചിത്രങ്ങളായി ഇടം പിടിച്ചിട്ടുണ്ട്. കളിക്കാനായി പ്രത്യേകം കളിസ്ഥലവുമുണ്ട്. പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണത്തിനായി ചെലവഴിച്ചത്.
ചുവരുകളിൽ ചായം പൂശിയതിന് പുറമേ ശിശു-സ്ത്രീസൗഹൃദ ശുചിമുറി സംവിധാനവും ഒരുക്കി. അങ്കണവാടിയിലെ വർക്കർമാർക്കും ഹെൽപ്പർമാർക്കും പുറത്തുനിന്ന് വരുന്ന മറ്റു സ്ത്രീകൾക്കും ഉപയോഗപ്രദമാകുന്ന തരത്തിലാണ് അവ സജ്ജീകരിച്ചിട്ടുള്ളത്.

എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി കൃഷിയും പച്ചപ്പ് പരത്തുന്നു. കുഞ്ഞുങ്ങൾക്ക് വിഷരഹിത പച്ചക്കറി നൽകുന്നതിനൊപ്പം പച്ചനിറം ഉപയോഗിച്ചുള്ള തീമിന് ചേരും വിധമാണ് കൃഷിയിടം. ഐക്യതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് ഏകീകൃത നിറവിന്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.

Advertisement