കൊല്ലം തേനി പാത പദ്ധതി രേഖയായി

കൊല്ലം: കൊല്ലം തേനി ദേശീയ പാത 183 വികസനത്തിന് പദ്ധതി രേഖ തയാറായി. കടവൂര്‍ അമ്പലത്തിന് സമീപത്ത് നിന്് ആരംഭിച്ച് ആഞ്ഞിലിമൂട് വരെയുള്ള 62 കിലോമീറ്റര്‍ ദൂരം വീതി കൂട്ടാനുള്ള പദ്ധതി രേഖയാണ് തയാറാക്കിയത്.

ഭരണിക്കാവ് ജംഗ്ഷനില്‍ ഫ്‌ളൈ ഓവറും ദേശീയ പാത ബൈപാസ് നിര്‍മ്മാണവും ഇതോടൊപ്പം നടക്കും. 13 വലിയ ജംഗ്ഷനുകളും 20 ചെറിയ ജംഗ്ഷനുകളും ഉള്‍പ്പെടുന്ന 62 കിലോമീറ്റര്‍ ദൂരത്തില്‍ ഭരണിക്കാവ് ജംഗ്ഷനില്‍ നാല് വരി ഫ്‌ളൈഓവര്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 640 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന ഫ്‌ളൈ ഓവറിന് 17 മീറ്റര്‍ വീതിയും ഇരുവശങ്ങളിലും നടപ്പാതയും ഉണ്ടാകും. ഇതോടെ ഭരണിക്കാവ് ജംഗ്ഷനില്‍ 31 മീറ്റര്‍ വീതി ലഭിക്കും. നിലവിലുള്ള പാലങ്ങള്‍ക്ക് സമാന്തരമായി പാലങ്ങള്‍ നിര്‍മ്മിക്കും. റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും സമാന്തര പാലം നിര്‍മ്മിക്കും.

റോഡ് വികസനത്തിന് ഒപ്പം ദേശീയ പാത ബൈപാസ് നിര്‍മ്മാണവും നടക്കുമെന്ന് ദേശീയ പാത അധികൃതര്‍ അറിയിച്ചു. 16 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാന്‍ ആണ് ദേശീയ പാത വിഭാഗം ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്ഥലം ഏറ്റെടുത്ത് വികസനം നടത്താന്‍ സാധിക്കാത്ത പ്രദേശങ്ങളില്‍ ആണ് ബൈപാസ് റോഡ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള ദേശീയ പാത അലൈന്‍മെന്റില്‍ വ്യത്യാസം വരുത്താതെ പെരിനാട് റെയില്‍വേ മേല്‍പ്പാലം മുതല്‍ ശാസ്താംകോട്ടയ്ക്ക് സമീപം വരെയാണ് ബൈപാസ് നിര്‍മ്മിക്കുക. ഇതിന്റെ അലൈന്‍മെന്റുകള്‍ നിശ്ചയിക്കുന്നതിനുളഅള ടോപോഗ്രാഫിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി. വിശദമായ പദ്ധതി രേഖ ഉടന്‍ സമര്‍പ്പിക്കും.

പെരിനാട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് നിന്ന് ആരംഭിച്ച് പടപ്പക്കര, കുമ്പളം, ചിറ്റുമല പൊലീസ് സ്റ്റേഷന്‍ വഴി ശാസ്താംകോട്ടയ്ക്ക് സമീപം എത്തുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ്. പതിനാല് കിലോമീറ്റര്‍ ആണ് നീളം. ചിറ്റുമലയില്‍ റോഡ് മറികടന്ന് വലതുവശത്തേക്ക് മാറും. മുംബൈയിലെ ശ്രീകണ്ഠ എന്ന സ്ഥാപനമാണ് ഡ്രോണ്‍ ഉപയോഗിച്ച് ടോപോഗ്രാഫിക്കല്‍ സര്‍വേ നടത്തിയത്.

16, 13, 15,മീറ്റര്‍ വീതികളാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എങ്കിലും പതിനാറു മീറ്റര്‍ വേണമെന്നാണ് ദേശീയ പാത സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദ്ദേശം. എംപിമാര്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ. 200 കോടിയാണ് പദ്ധതി ചെലവ്.

Advertisement