കോഴിക്കോട്.ഖത്തർ കെ.എം.സി.സി ഓഫീസിൽ നിന്ന് 8 കോടി രൂപ കവർന്ന സംഭവം ക്വട്ടേഷൻ എന്ന് നിഗമനം. കഴിഞ്ഞ ദിവസം പൊലീസിൽ കീഴടങ്ങിയ ബാലകൃഷ്ന്റെ കുറ്റസമ്മതമൊഴിയും പ്രധാന പ്രതി ബോംബെ ഷാജിയുടെ ശബ്ദസന്ദേശവുമടക്കമുള്ള തെളിവുകൾ വിരൽ ചൂണ്ടുന്നത് ക്വട്ടേഷൻ കവർച്ചയിലേക്കാണ്. മോഷണത്തിന് വാഗ്ദാനം ചെയ്ത പണം ഒരു വർഷമായിട്ടും കിട്ടിയില്ലെന്ന് ആസൂത്രകനായ കമറുദ്ദീന് അയച്ച സന്ദേശത്തിൽ പറയുന്നു.
2025 സെപ്റ്റംബർ 18ന് ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന കവർച്ചയിൽ പുറത്തു വരുന്നത് ഒരു ത്രില്ലറിന് സമാനമായ വിവരങ്ങൾ. കേസിൽ കൊയിലാണ്ടി സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ ബാലകൃഷ്ണൻ കീഴടങ്ങിയതിന് പിന്നാലെ കുറ്റസമ്മത മൊഴിയും പുറത്തുവന്നു. ജോലി വാഗ്ദാനം ചെയ്തു ഖത്തറിലേക്ക് കൊണ്ടുപോകുമ്പോൾ ഉദ്ദേശം കവർച്ച ആണെന്ന് അറിയില്ലായിരുന്നുവെന്ന് ബാലകൃഷ്ണൻ പറയുന്നു.
ഓഫീസ് ജീവനക്കാരനെ കെട്ടിയിട്ടായിരുന്നു കവർച്ച. കേസിൽ ആറ് പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലകൃഷ്ണൻ കീഴടങ്ങിയതോടെ മറ്റ് അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്. ലോക്കർ തുറന്നപ്പോൾ കിട്ടിയ പണം കൂടെയുള്ളവർ പോയെന്നാണ് ബാലകൃഷ്ണന്റെ മൊഴി.
കവർച്ചയ്ക്ക് പിന്നിൽ കൊയിലാണ്ടി, പയ്യോളി മേഖലകളിലുള്ളവരാണെന്ന സൂചനയെത്തുടർന്ന് കെ.എം.സി.സി. ഭാരവാഹികൾ കഴിഞ്ഞ മാസം കൊയിലാണ്ടി പോലീസിൽ പരാതിനൽകുകയായിരുന്നു. അതിനിടെ കേസിലെ പ്രധാന പ്രതിയായ ബോംബെ ഷാജി മോഷണം ആസൂത്രണം ചെയ്ത ഖമറുദ്ദീന് അയച്ച സന്ദേശം പുറത്തുവന്നു. വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നാണ് സന്ദേശത്തിലെ പരാതി.
സന്ദേശം പുറത്തുവന്നതോടെ മോഷണം ക്വട്ടേഷൻ ആയിരുന്നെന്ന സംശയം ബാലപ്പെടുകയാണ്. പ്രധാന സൂത്രധാരൻ പയ്യോളി സ്വദേശിയായ കാക്കച്ചി ഖമറു എന്ന കമറുദ്ധീൻ ആണെന്ന സംശയത്തിലാണ് പൊലീസ്. ശബ്ദസന്ദേശത്തിൽ KMCC നേതാവ് റൊട്ടാന റസാഖിന്റെ പേരും പരാമർശിക്കുന്നുണ്ട്. പരാതി നല്കാന് വൈകിയതും ഒരു വര്‍ഷം കഴിഞ്ഞിട്ടും കവർച്ചയിൽ വ്യക്തത വരാത്തതുമുൾപ്പെടെ ചൂണ്ടിക്കാണിച്ച് കെ എം സി സി നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു. വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് ഒളിച്ചുകളിയുണ്ടെന്ന ആരോപണവും സജീവമാണ്.



























