ആവേശം കത്തിക്കയറിയ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം

ആവേശം കത്തിക്കയറിയ പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം. സംസ്ഥാനം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്. അവസാന ദിവസവും ഒഴിയാതെ വിവാദങ്ങളും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും.

ഒന്നരമാസം നീണ്ട ദീർഘമായ പ്രചരണ കാലയളവ്. ആദ്യം തണുപ്പൻ തുടക്കം. പിന്നാലെ കൊട്ടിക്കയറിയ ആവേശം. ചൂടുപിടിച്ച വിവാദങ്ങൾ. ഒന്നിനു പത്തായി ആരോപണങ്ങളും പത്തിന് നൂറായി പ്രത്യാരോപണങ്ങളും. ആ തെരഞ്ഞെടുപ്പ് ആവേശ പരസ്യ പ്രചരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോഴും വിവാദങ്ങൾ ഒന്നും ഒഴിഞ്ഞിട്ടില്ല. അവസാന ദിവസവും രാഹുൽഗാന്ധി തന്നെ പ്രധാന ചർച്ച. പ്രചരണ കാലയളവിൽ പല കുറി രാഹുൽഗാന്ധി കേരളത്തിലെ ചർച്ചയായിരുന്നു. കേരളത്തിലെ സ്ഥാനാർഥിത്വവും മുഖ്യമന്ത്രി – രാഹുൽ ഗാന്ധി പോരും ഒക്കെയായിരുന്നു ആദ്യഘട്ടത്തിലെ ചർച്ചയെങ്കിൽ, പി.വി അൻവർ നടത്തിയ അധിക്ഷേപ പരാമർശമാണ് ഒടുവിലെ വിവാദം.

വടകരയായിരുന്നു ഏറ്റവും ശ്രദ്ധയേറിയ പ്രചരണം നടന്ന മണ്ഡലം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങളും വടകരക്കൊപ്പം കൂടി. ഒടുവിലത് അശീല വീഡിയോ ആരോപണം വര എത്തി നിൽക്കുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ മണ്ഡലങ്ങളിൽ ദേശീയ സംസ്ഥാന വിഷയങ്ങൾ ചൂടേറ്റി. ആറ്റിങ്ങലിൽ കള്ളവോട്ടും വോട്ടിന് പണവും ആരോപണങ്ങളിൽ ഇടംപിടിച്ചു.

പൗരത്വ ഭേദഗതി നിയമവും , സാമൂഹ്യ സുരക്ഷ പെൻഷൻ മുടക്കവും, നേതാക്കളുടെ പാർട്ടി മാറ്റവും കേരളത്തിലെ പ്രധാന പ്രചരണ ആയുധങ്ങൾ ആയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ കേരളത്തിൽ ബിജെപി പ്രതിരോധത്തിലായി. എൽഡിഎഫിനെ പ്രതിരോധത്തിൽ ആക്കിയത് സാമൂഹ്യ സുരക്ഷാ പെൻഷൻ മുടക്കവും സപ്ലൈകോയിലെ സാധനങ്ങളുടെ ലഭ്യതക്കുറവു മായിരുന്നു. കോൺഗ്രസിന് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് തലവേദനയായി. എല്ലാം മുന്നണികളുടെയും ദേശീയ നേതാക്കൾ കേരളത്തിൽ ക്യാമ്പ് ചെയ്തായിരുന്നു പ്രചരണം നടത്തിയത്. എല്ലാത്തിനും ഒടുവിൽ നാളെ നിശബ്ദ പ്രചാരണം. പിറ്റേ നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്. പിന്നാലെ കാത്തിരിപ്പാണ്, ജൂൺ നാലിനായി.

Advertisement