മകളെ മടക്കി കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ യമനിലേക്ക് യാത്രതിരിച്ച് നിമിഷപ്രിയയുടെ അമ്മ

മകളെ മടക്കി കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ യമനിലേക്ക് യാത്രതിരിച്ച് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. യമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷ  വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ് അമ്മ പ്രേമകുമാരിയുടെ യാത്ര. രാവിലെ അഞ്ചിന് നെടുമ്പാശേരിയിൽനിന്ന് മുംബൈയിലേക്ക് തിരിച്ച അമ്മ പ്രേമകുമാരി വൈകിട്ട് അഞ്ചരയ്ക്ക് അവിടെനിന്ന് യമനിലേക്ക് പോകും.
സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമിനൊപ്പമാണ് പ്രേമകുമാരിയുടെ യാത്ര. നിയമവഴികൾ അടഞ്ഞ കേസിൽ ഇനി കൊല്ലപ്പെട്ടയാളുടെ കുടുംബവും ഗോത്ര നേതാവും അടക്കമുള്ളവരുമായുള്ള ചർച്ചയാണ് നിർണായകം. ആശ്വാസധനം സമാഹരിച്ച് നൽകി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാമെന്ന പ്രതീക്ഷയാണുള്ളത്. ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ഇരുവരും സനയിലെ ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ചേക്കും. യമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ സുപ്രീംകോടതിയടക്കം തള്ളിയിരുന്നു. പ്രേമകുമാരിയെ യാത്രയാക്കാൻ നിമിഷപ്രിയയുടെ ഭർത്താവും മകളും നെടുമ്പാശേരിയിൽ എത്തിയിരുന്നു.

Advertisement