ലീഡറുടെ മകൾ പാർട്ടി വിട്ടതിന്റെ ഞെട്ടലിലാണ് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ


തൃശൂര്‍. ലീഡറുടെ മകൾ പാർട്ടി വിട്ടതിന്റെ ഞെട്ടലിലാണ് തൃശ്ശൂരിലെ കോൺഗ്രസ് പ്രവർത്തകർ. മുരളിമന്ദിരത്തിൽ കെ കരുണാകരന്റെ രാഷ്ട്രീയ നീക്കങ്ങൾ കണ്ട  പഴയ പാർട്ടി പ്രവർത്തകർക്ക് വിശ്വസിക്കാനായിട്ടില്ല കൂടുമാറ്റം. പത്മജ ബിജെപിയിൽ എത്തിയതോടെ ലീഡറുടെയും പത്നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപവും മുരളീ മന്ദിരവും തങ്ങൾക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.

മുരളിമന്ദിരവും ലീഡർ കെ കരുണാകരന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെ സ്മൃതിമണ്ഡപവും കോൺഗ്രസ് പ്രവർത്തകർക്ക് എന്നും പരിപാവനമായ ഇടമാണ്. ഒരുകാലത്ത് കോൺഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങൾ വരെ നിയന്ത്രിച്ച ഇടം. ലീഡർ വിടവാങ്ങിയപ്പോഴും മകൾ മുരളി മന്ദിരത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് അഭയമായിരുന്നു. പക്ഷേ പത്മജാ വേണുഗോപാലിന്റെ കൂടുമാറ്റം പതിറ്റാണ്ടുകളായി ലീഡറിന് ഒപ്പവും അതിനുശേഷം മകൾക്കൊപ്പം നിന്ന സാധാരണ പ്രവർത്തകരെ പോലും ഞെട്ടിച്ചു. പത്മജ ബിജെപിയിലേക്ക് എത്തിയത് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് പ്രവർത്തകർ.

അതൊരു പച്ചക്കള്ളമാകണമേ എന്ന് ഒരുവേള പലരും ചിന്തിക്കുന്നു. ലീഡറുടെയും പത്നി കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി മണ്ഡപവും മുരളീമന്ദിരവും നഷ്ടപ്പെടുമോ എന്ന ആശങ്ക കോൺഗ്രസ് പ്രാദേശിക നേതാക്കള്‍ക്കുണ്ട്. പത്മജ യ്ക്ക് പാർട്ടി അവസരങ്ങൾ നൽകിയിരുന്നില്ല എന്ന വാദം ഒപ്പം നിന്ന പ്രവർത്തകർ തള്ളുന്നു. അധികാരമില്ലാതായ പാര്‍ട്ടിയെ ചതിച്ചത് അതിനെ പരമാവധി മുതലെടുത്തവരാണ് എന്ന് പ്രതികരിക്കുന്നവരുമേറെ.

ഒരുപാട് അവസരങ്ങൾ കിട്ടിയെന്ന് പ്രവർത്തകർ. വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലും ഇവര്‍ മത്സരിച്ചിട്ടുണ്ട്. കരുത്തും ഊർജവും പകർന്ന നേതാവിനെ നഷ്ടമായത് മഹിളാ കോൺഗ്രസ് പ്രവർത്തകർക്കും വിശ്വസിക്കാനായിട്ടില്ല.

മകൾ പടിയിറങ്ങിയെങ്കിലും ലീഡറുടെ ഓർമ്മകൾ ഊർജ്ജമാക്കി പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നു പ്രവർത്തകർ പ്രഖ്യാപിക്കുന്നു.

Advertisement