പൈതൃകത്തെ കാലുവാരി,പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയ ചാണക്യനുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പ്രകാശ് ജാവദേക്കറുടെ കൈയില്‍നിന്നാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

പ്രകാശ് ജാവദേക്കറുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി നടത്തിയതിന് ശേഷമാണ് പദ്മജ ബിജെപി ഓഫീസിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ പത്മജ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് വിവരം. ഒഴിവുള്ള ഗവര്‍ണര്‍ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

കേരളത്തില്‍ വലിയ മാറ്റംവരുന്നുവെന്നും ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രം കുറിക്കുമെന്നും അംഗത്വം നല്‍കിയ ശേഷം ജാവഡേക്കര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തുടരെയുള്ള അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്ന് പത്മജ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയം അവസാനിപ്പിക്കാന്‍പോലും ആലോചിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പറഞ്ഞ പരാതികള്‍ ചവറ്റുകൊട്ടയില്‍ പോയി. കോണ്‍ഗ്രസിന് ഇപ്പോള്‍ നേതൃത്വമില്ല. പിതാവ് പാര്‍ട്ടി വിട്ടപ്പോഴും താന്‍ കോണ്‍ഗ്രസില്‍ അടിയുറച്ചു നിന്നു. സീറ്റ് നല്‍കിയിട്ട് കോണ്‍ഗ്രസുകാര്‍ തന്നെ തോല്‍പിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ഭരിക്കാന്‍ വരേണ്ട. അദ്ദേഹം ടിവിയിലിരുന്ന് നേതാവായ വ്യക്തിയാണ്. മോദിയുടെ ശക്തമായ നേതൃത്വത്തില്‍ വിശ്വസിക്കുന്നെന്നും ബിജെപിയില്‍ അംഗത്വം സ്വീകരിച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പത്മജ പറഞ്ഞു.

2016 ലും 2021 ലും തൃശുര്‍ മണ്ഡലത്തില്‍ പത്മജയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. രണ്ട് തെരഞ്ഞെടുപ്പിലും പത്മജ പരാജയപ്പെട്ടിരുന്നു. പാര്‍ട്ടി കാല് വാരിയതാണ് തോല്‍വിക്ക് കാരണമെന്ന് പത്മജ പരാതി പറഞ്ഞിട്ടും പാര്‍ട്ടി മുഖവിലയ്ക്ക് എടുത്തില്ല. കെ. കരുണാകരന്റെ സ്മാരകത്തിനായി കോടികള്‍ പാര്‍ട്ടി പിരിച്ചിട്ടും നിര്‍മാണം തുടങ്ങാത്തതും പാര്‍ട്ടി വിടാന്‍ പത്മജയ്ക്ക് പ്രേരണയായി എന്നാണ് സൂചന

ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്ന് പദ്മജ വേണുഗോപാല്‍ പറയുമ്‌ബോഴും ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് സൂചന. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിലും ആലോചനകളുണ്ട്. ചാലക്കുടിയില്‍ പദ്മജ മത്സരിക്കുകയാണെങ്കില്‍ ബിഡിജെഎസിന്എറണാകുളം വിട്ടുനല്‍കും

Advertisement