ഒരുവശത്ത് പ്രതിഷേധം , മറുവശത്ത് സുരക്ഷ, മുഖ്യമന്ത്രിക്ക് പറ്റിയ പണി നാടക കമ്പനി എന്ന് ഗവർണര്‍

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുവശത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും മറുവശത്ത് സുരക്ഷ ഒരുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് പറ്റിയ പണി നാടക കമ്പനി എന്ന് ഗവർണർ പരിഹസിച്ചു. അതിനിടെ ഗവര്‍ണർക്കെതിരെ ഇന്നും തൃശ്ശൂരില്‍ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. സിആർപിഎഫ് സുരക്ഷക്കിടയിൽ ഏങ്ങണ്ടിയൂരില്‍ വെച്ചായിരുന്നു ഗവര്‍ണറുടെ വാഹനത്തിന് അരികിലെത്തി കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദ്ദിച്ചു.


എസ്എഫ്ഐയുടെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ഗവർണർ മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷവും വർഷവും ആയി വീണ്ടും രംഗത്തെത്തിയത്. ഒരുവശത്ത് എസ്എഫ്ഐക്കാരെ കൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുന്നു. മറുവശത്ത് പോലീസിനെ കൊണ്ട് തനിക്ക് സുരക്ഷ ഒരുക്കുന്നു. മുഖ്യമന്ത്രിക്ക് പറ്റിയ പണി നാടക കമ്പനി നടത്തുന്നതാണെന്ന് ഗവർണർ.


എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനെത്തിയ ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഏത്തായി സെൻ്ററിൽ സിആർപിഎഫിന്റെയും പോലീസിന്റെയും അതീവ സുരക്ഷ ഭേദിച്ചു കൊണ്ടായിരുന്നു എസ്എഫ്ഐയുടെ അപ്രതീക്ഷിത പ്രതിഷേധം. ഗവർണറുടെ വാഹനത്തിന് അരികിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശി.


പ്രതിഷേധക്കാരെ തടയുന്നതിനിടയിൽ രണ്ടു പോലീസുകാർ നിലത്ത് വീണു. പിന്നാലെ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു. പലതവണ മുഖത്ത് ഉൾപ്പെടെ ആഞ്ഞു ചവിട്ടി.

കരിങ്കുടി കാണിച്ച 14 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ച ബിജെപി പ്രവർത്തകർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിങ്ങാലക്കുടയിൽ ഗവർണറുടെ പരിപാടി നടക്കുന്ന ടൗൺഹാളിനു മുന്നിൽ പോസ്റ്റർ പതിപ്പിച്ച എസ്എഫ്ഐ അവിടെയും കരിങ്കൊടി കാണിച്ചു. പിന്നാലെ ഇരുപതിലധികം പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തു.

Advertisement