വീണ വിജയന്‍റെ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല

Advertisement
തിരുവനന്തപുരം . എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചിത്. കേസിൽ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.  മാസപ്പടി കേസിലെ അന്വേഷണം തടസപ്പെടുത്താൻ മുഖ്യമന്ത്രി  ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പ്രതികരിച്ചു. അതിനിടെ എക്സാലോജിക് വിഷയങ്ങളിൽ കീഴ് ഘടങ്ങളിൽ വിശദീകരണവുമായി സിപിഐഎം രംഗത്തെത്തി. 

കേന്ദ്ര സര്‍ക്കാരിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. എക്സാലോജിക്കില്‍ നിന്ന് വിവരങ്ങള്‍  ശേഖരിയ്ക്കുന്നതിനായി അന്വേഷണ സംഘം വീണാ വിജയന് നോട്ടീസ് നല്‍കുമെന്ന വാർത്തക്കിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള ഹര്‍ജി. ഹർജി ഇന്ന് പരിഗണിയ്ക്കുമെന്നായിരുന്നു സൂചന. എന്നാൽ ഇന്നത്തെ ഹൈക്കോടതി കേസുകളുടെ പട്ടികയിൽ ഈ ഹർജി ഉൾപ്പെട്ടിട്ടില്ല. തിങ്കളാഴ്ച ഹർജി പരിഗണിയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പ്രതിയാകുമെന്നും മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

കേസിൽ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശ്രമമെന്നും അതിനാണ് എക്സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രിയ്ക്ക് മാത്രമല്ല പ്രതിപക്ഷ നേതാവ് വി ഡി സതീശനും മാസപ്പടി ലഭിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. 


അതിനിടെ, എക്സാലോജിക് വിഷയത്തിൽ പാർട്ടിയുടെ കീഴ് ഘടകങ്ങളിൽ വിശദീകരണവുമായി സിപിഐഎം രംഗത്തെത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ തലങ്ങളിൽ ബ്രാഞ്ച് സെക്രട്ടറിമാർക്കായി നടത്തിയ ശിൽപശാലയിലാണ് വിശദീകരണം.  ജില്ലാ തലങ്ങളിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ സെക്രട്ടറിയേറ്റ് അംഗങ്ങളും കീഴ് ഘടകങ്ങളിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമാണ് കാര്യങ്ങൾ വിശദീകരിച്ചത്.
Advertisement