ബദിയടുക്കയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഭീഷണി, പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

കാസർഗോഡ് . ബദിയടുക്കയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഭീഷണിയെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. മൊഗ്രാൽ സ്വദേശി അൻവർ, സുഹൃത്ത് സാഹിൽ എന്നിവരെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ബന്ധം ഉപേക്ഷിച്ചാൽ സമൂഹ്യ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ മരണ മൊഴി


മൊഗ്രാൽ സ്വദേശി അൻവറിനെ ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി പരിചയപ്പെട്ടത്. ഇവർ തമ്മിലുള്ള അടുപ്പം കുടുംബം എതിർത്തു. ബന്ധുക്കളുടെ നിർദേശ പ്രകാരം യുവാവുമായുള്ള ബന്ധം പെൺകുട്ടി ഉപേക്ഷിച്ചു. തുടർന്നാണ് യുവാവിന്റെ ഭീഷണി തുടങ്ങിയത്. ഫോണിലൂടെയും, സ്കൂളിൽ പോകുന്ന വഴിയിലുമെത്തി അൻവർ ഭീഷണി മുഴക്കി. ചിത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും, പിതാവിനെ കോല്ലുമെന്നും പെൺകുട്ടിയോട് പറഞ്ഞു


മംഗളൂരുവിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് അൻവറിനെയും, സഹായിയായി എത്തിയ സുഹൃത്ത് സാഹിലിനെയും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളും, ആത്മഹത്യ പ്രേരണ കുറ്റവും ഇവർക്കെതിരെ ചുമത്തി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വിഷം കഴിച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം

Advertisement