സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കുമോ, ഇന്നറിയാം

തിരുവനന്തപുരം . സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. ഇതിനായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. സപ്ലൈകോയുടെ നിലനിൽപ്പിന് ഉതകുന്ന വിധവും ജനങ്ങൾക്ക് അധികഭാരം ഉണ്ടാകാത്ത തരത്തിലുള്ള നിരക്ക് വർദ്ധനയാണ് നടപ്പാക്കുക. 20 മുതൽ 25% വരെ വില വർദ്ധിപ്പിക്കണമെന്ന ശുപാർശയാണ് സമിതി സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. എന്നാൽ 40% വരെ വിലവർദ്ധനയാണ് സപ്ലൈകോ ആവശ്യപ്പെടുന്നത്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗം സമിതി റിപ്പോർട്ട് പരിഗണിക്കും. പുതിയതായി സത്യപ്രതിജ്ഞ ചെയ്ത രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭായോഗം എന്ന പ്രത്യേകതയും ഇന്നത്തെ മന്ത്രിസഭായോഗത്തിനുണ്ട്. ആൻറണി രാജു ഗതാഗത മന്ത്രിയായിരുന്നപ്പോൾ നടത്തിയ സ്ഥലം മാറ്റങ്ങൾ കെ.ബി ഗണേഷ് കുമാർ റദ്ദ് ചെയ്തത് വിവാദമായിരുന്നു. ഇരുവരും തമ്മിൽ വാക് പോരിനും ഇതിടയാക്കിയിരുന്നു. ഇതും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

Advertisement