തകർത്ത് പെയ്ത് തുലാവർഷം; ഇത്തവണ 27% കൂടുതൽ, 5 ജില്ലകളിൽ അധികമഴ, രണ്ടിടത്ത് ആശങ്ക

തിരുവനന്തപുരം: ഈ വർഷത്തെ തുലാവർഷ മഴ അവസാനിച്ചപ്പോൾ ആശ്വാസത്തിൻറെ കണക്കുകൾക്കൊപ്പം ചിലയിടങ്ങളിൽ ആശങ്കയും. 2023ലെ തുലാവർഷം അവസാനിച്ചപ്പോൾ കേരളത്തിൽ ആകെ 27ശതമാനം മഴ കൂടുതലായി ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ കണക്കുകൾ വ്യക്തമാക്കുന്നത്.

അധികമായി മഴ ലഭിച്ചത് ആശ്വാസമാണെങ്കിലും വയനാട്, കണ്ണൂർ ജില്ലകളിൽ ലഭിക്കേണ്ട മഴയിൽ കുറവുണ്ടായി. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ 492മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 624.മില്ലി മീറ്റർ മഴയാണ് ഇത്തവണ ലഭിച്ചത്. കഴിഞ്ഞവർഷം 476.1മില്ലി മീറ്ററായിരുന്നു ലഭിച്ചത്. കഴിഞ്ഞ വർഷം മൂന്നു ശതമാനത്തിൻറെ കുറവാണുണ്ടായിരുന്നതെങ്കിൽ ഇത്തവണ 27ശതമാനത്തിൻറെ വർധനവുണ്ടായത് ആശ്വാസകരമാണ്.

തുലാവർഷത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റർ മഴയാണ് (94ശതമാനം അധികം) പത്തനംതിട്ടയിൽ ലഭിച്ചത്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്.ഇത്തവണ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 309.6 മില്ലി മീറ്റർ, നാലു ശതമാനത്തിൻറെ കുറവ് ). കാലവർഷത്തിലും 55 ശതമാനത്തിൽ കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ മുൻ കരുതൽ ആവശ്യമായി വരും.

തുലാവർഷത്തിൽ കണ്ണൂരിലും നാലു ശതമാനത്തിൻറെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത് (4ശതമാനത്തിൻറെ കുറവ്). വയനാട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ടക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇത്തവണ കൂടുതൽ തുലാവർഷ മഴ ലഭിച്ചത്. തിരുവനന്തപുരത്ത് 836.6 മില്ലി മീറ്റർ മഴയാണ് ലഭിച്ചത് (52ശതമാനം അധികം), കോട്ടയത്ത് 38ശതമാനവും ആലപ്പുഴയിൽ 40ശതമാനവും എറണാകുളത്ത് 24 ശതമാനവും അധികമായി മഴ ലഭിച്ചു.

Advertisement