റോബിന്‍ ബസ് വീണ്ടും കോയമ്പത്തൂരില്‍…. കേരളത്തില്‍ മാത്രം പരിശോധന… തമിഴ്‌നാട്ടില്‍ ഇല്ല

Advertisement

പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസ് വീണ്ടും സര്‍വ്വീസ് നടത്തി കോയമ്പത്തൂരില്‍ എത്തി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് സര്‍വീസ് തുടങ്ങിയ റോബിന്‍ ബസ് കോയമ്പത്തൂരിലെത്തിയത്. വാളയാര്‍ ചെക്ക് പോസ്റ്റില്‍ കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ശേഷമാണ് റോബിനെ അതിര്‍ത്തി കടത്തിവിട്ടത്. എന്നാല്‍ തമിഴ്‌നാട്ടില്‍ ബസ്സിന് പരിശോധനയുണ്ടായില്ല. പത്തനംതിട്ട കോയമ്പത്തൂര്‍ റൂട്ടിലാണ് ബസ് സര്‍വീസ് തുടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസമാണ് കോടതി നിര്‍ദേശപ്രകാരം ബസ് വിട്ട് നല്‍കിയത്. ഇന്ന് സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു. പിന്നീട് പരിശോധനയ്ക്ക് ശേഷം സര്‍വീസ് തുടരാന്‍ അനുവദിക്കുകയായിരുന്നു.
റോബിന്‍ ബസിനെ കഴിഞ്ഞ മാസം 24 -ന് പുലര്‍ച്ചെയാണ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഉടമ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിര്‍ദേശം പരിഗണിച്ച ശേഷം ഞായറാഴ്ചയാണ് ബസ് കൊടുത്തത്.

Advertisement