ഇവരാണ് ആ പൗരപ്രമുഖർ, ചീഫ് സെക്രട്ടറിക്ക് മറുപടിയില്ലെങ്കിലും ഞങ്ങൾക്കുണ്ട്, നവകേരള സദസിൽ ഗണേഷ് കുമാർ

കൊല്ലം: നവകേരള സദസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നിരവധി വിവാദങ്ങളിൽ ഒന്നാണ് മുഖ്യമന്ത്രിമായി പ്രഭാത യോഗത്തിൽ സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന പൗരപ്രമുഖ‍ർ എന്ന പരാമർശം. ഇത് പണക്കാരും പ്രമാണിമാരും മാത്രമാണെന്ന് പ്രതിപക്ഷ വിമർശനം ഉയർന്നുവരികയും ചെയ്തു. ഇത് സംബന്ധിച്ച ചീഫ് സെക്രട്ടറിക്ക് വിവരാവകാശ രേഖ ആവശ്യപ്പെട്ട് അപേക്ഷ നൽകിയപ്പോഴും കൃത്യമായ മറുപടി ലഭിക്കാത്തതും വാർത്തയായിരുന്നു.

ഇന്ന് കൊല്ലം ജില്ലയിൽ പര്യടനം തുടരുന്ന നവകേരള സദസിനെ കുറിച്ച് ഗണേഷ് കുമാർ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പത്തനാപുരത്തെ പൗര പ്രമുഖർ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന കൂട്ടത്തിലുള്ളവരല്ലെന്നും അത് നേരത്തെ പറഞ്ഞത് പോലെ താൻ വാക്കുപാലിക്കുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഗണേഷ് കുമാർ പറഞ്ഞതിങ്ങനെ…

പൗര പ്രമുഖർ എന്ന് പറഞ്ഞാൽ ഈ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുപോലെ പണക്കാരും പ്രമാണിമാരും അല്ല. ഞങ്ങൾ പ്രഭാത യോഗത്തിൽ 50 പേരെ അയക്കുന്നുണ്ട്. പത്തനാപുരത്തെ സംബന്ധിച്ച് അത് പണക്കാരും പ്രമാണിമാരും അല്ല. അതിൽ രാഷ്ട്രീയ പ്രമുഖർ ഉണ്ട്. പങ്കെടുക്കുന്നവരിൽ ചോദ്യം ചോദിക്കാൻ നാല് പേർക്കാണ് അവസരമുള്ളത്. ഒന്ന് പുല്ലൂർ സോമരാജനാണ്. അദ്ദേഹം പത്തനാപുരത്തെ പൗരപ്രമുഖനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ. പിന്നെ സിസ്റ്റർ റോസ്ലിൻ ആണ്. അവർ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയാമല്ലോ. ജീവനം കാൻസ‍ർ സെന്റ‍ർ നടത്തുന്ന തുണ്ടിൽ ബിജുവാണ്. അദ്ദേഹം പ്രവാസിയോ കോടീശ്വരനോ ഒന്നുമല്ല. വർഷങ്ങളായി കാൻസ‍ർ രോഗികൾക്കുവേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. പിന്നെ ആശാ ഭവന്റെ ഡയറക്ടറായിട്ടുള്ള ഡോ. സുനിൽ സക്കറിയ, ആശാമോൻ എന്നിവരെയാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും നമ്മൾ അവസരം കൊടുക്കുന്നത്. ഇവരൊന്നും പ്രശ്നക്കാരല്ലല്ലോ. ഇതിനകത്ത് പ്രമാണിമാ‍ർ ആരുമില്ല. സംരഭകരുണ്ട്, കോളേജ് പ്രൊഫസർമാർ, കോളജ് പ്രിൻസിപ്പാൾമാരടക്കം വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ഉണ്ട്. ഓട്ടോ തൊഴിലാളികളുണ്ട് , ട്രേഡ് തൊഴിലാളിയുണ്ട്. തൊഴിലാളി പ്രതിനിധികളുണ്ട്. കുരിയോട്ട് മല മൂപ്പൻ ഇശക്കി എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇവരൊക്കെയാണ് പൗര പ്രമുഖർ. പൗര പ്രമുഖരെ കുറിച്ച് ചോദിച്ചപ്പോൾ ചീഫ് സെക്രട്ടറി ബ ബ ബ അടിച്ചുവെന്നൊക്കെ റിപ്പോർട്ട് കണ്ടു. ഞങ്ങൾ പക്ഷെ അങ്ങനെയല്ല. പത്തനാപുരത്തെ സംബന്ധിച്ച് ഇവരൊക്കെയാണ് പൗര പ്രമുഖർ

https://www.facebook.com/watch/?v=194519930400030

Advertisement