നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ എൻഎസ്എസ് ആസ്ഥാനത്ത്, സുകുമാരൻ നായരുമായി കൂടിക്കാഴ്ച

കോട്ടയം : നിയുക്ത മന്ത്രി ഗണേഷ് കുമാര്‍, എൻഎസ്എസ് ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്നം സമാധിയിൽ ഗണേഷ് കുമാറും സുകുമാരൻ നായരും ഒന്നിച്ച് പ്രാർഥന നടത്തി.

ഗണേഷിന് മന്ത്രി സ്ഥാനം ലഭിച്ചതിൽ സന്തോഷമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സുകുമാരൻ നായരുടെ പ്രതികരണം. ഗണേഷ് ഒരിക്കലും എൻ എസ് എസിന് എതിരാകില്ല. ഗണേഷ് എൻഎസ്എസിനും സർക്കാരിനും ഒപ്പമുണ്ട്. അതിനെ പാലമായി കാണേണ്ടതില്ല. എൻ എസ് എസിന് എതിരായ നിലപാട് വന്നാൽ അപ്പോൾ നോക്കാമെന്നും സുകുമാരൻ നായ‍ര്‍ പറഞ്ഞു.

അച്ഛന്റെയും അമ്മയുടെയും മരണശേഷം തന്നെ സ്നേഹ പൂർവം ചേർത്തു നിർത്തിയത് സുകുമാരൻ നായരായിരുന്നുവെന്ന് ഗണേഷ് കുമാറും പ്രതികരിച്ചു. തനിക്ക് പിതൃ സ്ഥാനീയനും വഴികാട്ടിയുമാണ്. അനാവശ്യ പ്രശ്നങ്ങളിൽ എൻ എസ് എസ് ഇടപെടാറില്ല. എൻ എസ് എസും സർക്കാരും സ്വതന്ത്രരാണ് രണ്ടും വ്യത്യസ്തവ്യമാണെന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

നവ കേരള സദസ്സിന് പിന്നാലെയാണ് രണ്ടാം പിണറായി മന്ത്രിസഭ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. കെ. ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാരാകുക. വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. ഗതാഗതവകുപ്പാണ് ലഭിക്കുന്നതെങ്കിൽ മെച്ചപ്പെടുത്താൻ പ്രത്യേക പദ്ധതികൾ മനസ്സിലുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കുന്നു. ഇനി വിമർശനങ്ങൾക്കില്ല. വിവാദങ്ങൾ ഒഴിവാക്കാനും ചില പദ്ധതികളുണ്ട്, ഉദ്ഘാടനങ്ങൾക്ക് പോകില്ലെന്നും വകുപ്പിനെ മെച്ചപ്പെടുത്തലാണ് ലക്ഷ്യം. സിനിമാ അഭിനയം മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രമായിരിക്കുമെന്നും ഗണേഷ് പറഞ്ഞു.

Advertisement