പതിവിലും നേരത്തെ കൊല്ലത്തെ ബാറിന് മുന്നിൽ തിരക്ക്, വേഷം മാറി എക്സൈസ് അകത്ത് കയറിയപ്പോൾ ഞെട്ടി, കേസ് !

കൊല്ലം: കൊല്ലത്ത് സമയക്രമം പാലിക്കാതെ പ്രവർത്തിച്ച ബാറിനെതിരെ നടപടിയെടുത്ത് എക്സൈസ്. ഹോട്ടൽ സീ പാലസ് എന്ന സ്ഥാപനത്തിനെതിരെയാണ് എക്സൈസ് കേസെടുത്തത്. അസി: എക്സൈസ് കമ്മീഷണർ ടി. അനി കുമാറിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കൊല്ലം എക്സൈസ് റെയിഞ്ച് പാർട്ടിയും ചേർന്നാണ് ബാറിൽ മിന്നൽ പരിശോധന നടത്തിയത്.

ബാറിനു മുന്നിൽ പതിവിലും നേരത്തെ തിരക്കും നിരവധി വാഹനങ്ങളും കിടക്കുന്നുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്‌ക്വാഡ് സംഘം മഫ്തിയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ അൻപതോളം കസ്റ്റമേഴ്സ് ബാറിൽ ഉണ്ടായിരുന്നു. അനുവദനീയമായ സമയത്തിന് മുൻപ് തുറന്ന് മദ്യവിൽപ്പന നടത്തുകയായിരുന്നു ഹോട്ടൽ സീ പാലസിലെ ജീവനക്കാരെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. ബാർ നേരത്തെ തുറന്ന് മദ്യവിൽപ്പന നടത്തിയതിന് ബാറിലെ വിൽപ്പനക്കാരായ സുരേഷ് ലാൽ, ഗിരീഷ് ചന്ദ്രൻ, സ്ഥാപനത്തിന്റെ ലൈസൻസി രാജേന്ദ്രൻ എന്നിവരെ പ്രതി ചേർത്ത് കൊല്ലം റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു.

അതിനിടെ കണ്ണൂരിലെ തലശ്ശേരിയിൽ ഗുഡ്സ് ഓട്ടോറിക്ഷയിൽ അനധികൃതമായി കടത്തിക്കൊണ്ടു വരികെയായിരുന്ന 733 ലിറ്റർ പോണ്ടിച്ചേരി മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് വടകര സ്വദേശി ചന്ദ്രൻ. എ.കെ എന്നയാളെ പ്രതിയായി അറസ്റ്റ് ചെയ്തു. ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾ മുന്നിൽ കണ്ട് എക്സൈസ് വകുപ്പ് അതിർത്തി പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് കെ യുടെ നേതൃത്വത്തിലുള്ള ടീമും, കണ്ണൂർ എക്സൈസ് ഇന്റലിജൻസും ചേർന്നാണ് കേസ് എടുത്തത്. പാർട്ടിയിൽ ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സി.പി ഷാജി, സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രമോദൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു എൻ. സി, ബിനീഷ് എ.എം, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Advertisement